കോണ്‍ഗ്രസിനു കനത്ത തിരിച്ചടി: മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക്

single-img
1 January 2018

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എ.എല്‍.ഹെക്കും നാല് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ കണ്‍വീനര്‍ ഹിമാന്ത ബിസ്വ ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലാകും ഈ നേതാക്കള്‍ ബിജെപിയില്‍ ചേരുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ഞെട്ടിക്കുന്ന രാജികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ധോ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിന്റെ അഞ്ച് പേര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ നിയമസഭയില്‍നിന്നു രാജിവച്ചത്. ഇവരെല്ലാവരും എന്‍ഡിഎ സഖ്യത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേരാനാണ് നീക്കം നടത്തുന്നത്. രാജിവച്ചവരില്‍ രണ്ടുപേര്‍ മന്ത്രിമാരാണ്.

ഇതോടെ 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും. 17 സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ചിലാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, മേഘാലയ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള പെടാപ്പാടിലാണ് ബിജെപി. അതിനിടെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്‍ബോര്‍ ഷുല്ലയിയെ എന്‍സിപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കി.