തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി

single-img
31 December 2017

 

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു. പെണ്‍കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിച്ചു. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് നേരത്തെ തന്നെ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു.

ഇതിന് പുറമെയാണ് ഇന്ന് പെണ്‍കുട്ടിയെ തിരികെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. ആണ്‍കുട്ടിയെ പരീക്ഷ എഴുതാനും അനുവദിക്കും. ഇത് സംബന്ധിച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ മാനേജ്‌മെന്റ് ഒപ്പുവെച്ചു. ശശി തരൂര്‍ എംപിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മിഷനു നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും തീരുമാനമായി. വിദ്യാര്‍ഥികളുടെ ആലിംഗന വിവാദത്തില്‍ അച്ചടക്ക നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും സ്‌കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായത്.

വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. തുടര്‍പഠനത്തിനും അവസരമൊരുക്കും. ഹാജര്‍ സംബന്ധിച്ചു സിബിഎസ്ഇ ബോര്‍ഡില്‍നിന്നു പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനു മുന്‍കൈയെടുക്കാമെന്നും മാനേജ്‌മെന്റ് സന്നദ്ധതയറിയിച്ചു. ജൂലൈ 21ന് സ്‌കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മല്‍സരത്തില്‍ പെണ്‍കുട്ടി വിജയിച്ചതറിഞ്ഞ സുഹൃത്തായ ആണ്‍കുട്ടി ആലിംഗനം ചെ്തതാണ് വിവാദമായത്. തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെയും സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കുട്ടികളെ തിരിച്ചെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഇടക്കാല ഉത്തരവു നല്‍കിയെങ്കിലും ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനിടെ, കുട്ടികള്‍ക്കെതിരായ നടപടിക്കെതിരെ വിവിധ മേഖലളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശശി തരൂര്‍ എംപി യോഗം വിളിക്കുകയായിരുന്നു.