കശ്മീരിൽ സി ആർ പി എഫ് ക്യാമ്പിൽ തീവ്രവാദി ആക്രമണം: ഒരു ജവാൻ കൊല്ലപ്പെട്ടു

single-img
31 December 2017

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുല്‍വാമയിലെ അവന്തിപോറ സൈനിക പരിശീലന ക്യാംപിലെത്തിയ ആയുധധാരികളായ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതിനു ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാംപിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ജയ്ഷേ മുഹമ്മദ് ഏറ്റെടുത്തു. തങ്ങളുടെ അസിസ്റ്റന്റ് കമാൻഡന്റായിരുന്ന നൂർ ത്രാലിയെ വധിച്ചതിനു പ്രതികാരമായാണു ഈ ആക്രമണമെന്ന് ജയ്ഷെ മുഹമ്മദ് അവകാശപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായിരുന്നു 47 വയസ്സുള്ള നൂർ മുഹമ്മദ് തന്ത്രേ എന്ന നൂർ ത്രാലി. നിരവധി തീവ്രവാദ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച ഇയാളെ ഇയാളെ ഇക്കഴിഞ്ഞ ഡിസംബർ 26-നാണു സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്.

മറ്റു സൈനിക ക്യാംപുകള്‍ക്കു നേരെയും അക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.