തമിഴകത്തിന്റെ ‘തലൈവര്‍’ ആകാന്‍ സ്‌റ്റൈല്‍ മന്നന്‍ റെഡി: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും

single-img
31 December 2017


ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.

രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ ‘തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി’ എന്നു വാഴ്ത്തിയാണ് ആരാധകര്‍ സ്വീകരിച്ചത്. ‘സൂര്യന്റെ ശക്തി പകല്‍ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകര്‍ മുഴക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍ 1996ല്‍ത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്.

അതു വൃത്തിയാക്കിയെടുക്കണം. തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും, രജനി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം. ദൈവാനുഗ്രഹവുമുണ്ട്. ഞാന്‍ ഇങ്ങനെ നിന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങള്‍ തമിഴ്‌നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും.

എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിര്‍വഹണം കൊണ്ടുവരാനാണു താന്‍ ആഗ്രഹിക്കുന്നത്. ആത്മീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല.

രാജാക്കന്‍മാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍നിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാര്‍ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കും നമ്മുടെ പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങള്‍ എന്നും രജനി പറഞ്ഞു.