ഗുജറാത്ത് സര്‍ക്കാരിന് താല്‍ക്കാലികാശ്വാസം: ചുമതലയേറ്റെടുക്കുമെന്ന് ഉടക്കി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ • ഇ വാർത്ത | evartha
Breaking News

ഗുജറാത്ത് സര്‍ക്കാരിന് താല്‍ക്കാലികാശ്വാസം: ചുമതലയേറ്റെടുക്കുമെന്ന് ഉടക്കി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍


ഗുജറാത്തില്‍ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള ബിജെപി സര്‍ക്കാരിലെ തര്‍ക്കത്തിനു താല്‍ക്കാലിക വിരാമം. ഉടന്‍തന്നെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുക്കുമെന്നു വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടക്കി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവതന്നെ ലഭിക്കണമെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. തന്റെ ആഗ്രഹപ്രകാരമുള്ള വകുപ്പുകള്‍ അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ആറാമതും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും കഴിഞ്ഞ ദിവസമാണു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. വ്യാഴാഴ്ചയായിരുന്നു വകുപ്പു വിഭജനം.

വിജ്ഞാപനം വന്നയുടന്‍ അസംതൃപ്തി വ്യക്തമാക്കി മാധ്യമങ്ങളെ കാണാതെ നിതിന്‍ പട്ടേല്‍ സ്ഥലം വിട്ടിരുന്നു. മന്ത്രിസഭയില്‍ രണ്ടാമനായ നിഥിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണു പ്രതിഷേധത്തിനു കാരണം. ധനവകുപ്പ് ഇത്തവണ അംബാനി സഹോദരന്മാരുടെ അളിയന്‍ സൗരഭ് പട്ടേലിനാണു നല്‍കിയിട്ടുള്ളത്.

10 എംഎല്‍എമാരുമായി ബിജെപി വിട്ടു വന്നാല്‍ അര്‍ഹിക്കുന്ന സ്ഥാനം നിതിന്‍ പട്ടേലിനു കോണ്‍ഗ്രസ് നല്‍കുമെന്നു പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. നിതിന്‍ പട്ടേലിനു പിന്തുണയുമായി അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ ജനുവരി ഒന്നിന് ബന്ദ് ആചരിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് നേതാവ് ലാല്‍ജി പട്ടേല്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. നിഥിനെ വസതിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ലാല്‍ജി പട്ടേലിന്റെ ആഹ്വാനം.