മട്ടനും ബീഫുമൊക്കെ കാന്‍സര്‍ ക്ഷണിച്ചു വരുത്തും

single-img
31 December 2017


സംസ്‌ക്കരിച്ച ഭക്ഷണ ഇനങ്ങളും മാംസവും കാന്‍സറിനുള്ള സാധ്യത പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് ഇതിനകം ഗവേഷണങ്ങളില്‍ നിസംശയം തെളിഞ്ഞതാണ്. എന്നിട്ടും ഇത്തരം വിഭവങ്ങള്‍ ഇപ്പോഴും നമ്മുടെ തീന്‍ മേശയിലെ പ്രധാന ഇനങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു.

ഭക്ഷണ ക്രമത്തില്‍ അടിമുടി മാറ്റം വരുത്തിയില്ലെങ്കില്‍ മാരക രോഗം നിങ്ങളെ തേടിയെത്തുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായ ‘റെഡ് മീറ്റ്’ ഗണത്തില്‍പ്പെടുന്ന ഇറച്ചി ഉല്‍പ്പന്നങ്ങള്‍ രോഗാണുവിമുക്തമായ മൃഗങ്ങളുടേത് ആണെന്ന് മിക്കപ്പോഴും നമ്മള്‍ ഉറപ്പു വരുത്താറില്ല.

എന്നാല്‍ ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നു വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ പ്രോസസ്സ് ചെയ്‌തെടുക്കുന്ന മാംസത്തിലൂടെ കാന്‍സര്‍ പിടിമുറുക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുകെ കാന്‍സര്‍ റിസേര്‍ച്ച് സെന്റിലെ വിദഗ്ധരാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

ട്യൂമര്‍ പോലുള്ള ഗുരുതരരോഗങ്ങള്‍ ബാധിച്ച മൃഗങ്ങളുടെ മാംസം ഉപയോഗിക്കുന്നതാണ് ഈ അപകടത്തിനു കാരണമാകുന്നത്. ഇതിനു പ്രതിവിധിയായി അവര്‍ പറയുന്നത് മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് രോഗങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക എന്നതാണ്.

ഇത് നമ്മുടെ നാട്ടില്‍ എത്രത്തോളം പ്രാവര്‍ത്തികം ആണെന്നതും ചിന്തിക്കേണ്ട വിഷയമാണ്. സംസ്‌കരിച്ച മാംസാഹാരങ്ങളും റെഡ് മീറ്റും കാന്‍സറിന് കാരണമാകുന്ന പ്രധാനഘടകങ്ങള്‍ ആണെന്ന് ഇതിനോടകം തെളിയിച്ചതാണ്. മലാശയകാന്‍സറിന്റെ ഏറ്റവും വലിയ കാരണമായി വൈദ്യശാസ്ത്രം കണ്ടെത്തിയതും ഇതാണ്.

ഉപ്പിട്ടുണക്കിയ മാംസം, സോസേജുകള്‍ എല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇന്റര്‍നാഷനല്‍ കാന്‍സര്‍ റിസേര്‍ച്ച് ഏജന്‍സിയും ഇത് ശരി വയ്ക്കുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും പായ്ക്ക് ചെയ്തു വരുന്ന മാംസാഹാരങ്ങള്‍ ശരിയായ വിധത്തില്‍ പ്രോസസ്സ് ചെയ്താണോ എത്തുന്നതെന്നും പരിശോധിക്കേണ്ടതാണ്.

പൂര്‍ണമായും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെങ്കിലും മാംസാഹാരം ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതു മാത്രമാണ് ഇതിനു വിദഗ്ധര്‍ നല്‍കുന്ന പ്രതിവിധി.