മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രധാനമന്ത്രി

single-img
31 December 2017

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖില്‍ നിന്ന് മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകള്‍ കാലങ്ങളായി ദുരിതം അനുഭവിക്കുകയായിരുന്നെന്ന് മോദി പറഞ്ഞു. 85 ആമത് ശിവഗിരി തീര്‍ത്ഥാടനത്തെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മുത്തലാഖ് ബില്‍ ലോക്‌സഭ കടന്ന ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണമാണിത്. സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് മുത്തലാഖ് നിരോധന നിയമത്തിന്റെ ലക്ഷ്യം. മുത്തലാഖ് കാരണം വര്‍ഷങ്ങളായി മുസ്‌ളിം സ്ത്രീകള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. എന്നാലിപ്പോള്‍ ആ ബുദ്ധിമുട്ടുകള്‍ക്കും കഷ്ടതകള്‍ക്കും അവസാനം ആവുകയാണ്. ഇതൊരു അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു.

നേരത്തെ മന്‍ കി ബാത്തില്‍ സംസാരിക്കുമ്പോള്‍ ഹജ്ജിലും മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജിന് സഹായിയായി സ്ത്രീകള്‍ പുരുഷനെ ഒപ്പം കൂട്ടണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

ഇങ്ങനെയൊരു നിയമം തന്നെ ഞെട്ടിച്ചു. സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ നിയമം തുടരുന്നത് കടുത്ത അനീതിയാണെന്ന് തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

‘ഒരു മുസ്ലീം സ്ത്രീ ഹജ്ജ് യാത്രയ്ക്കായി പോകാനാഗ്രഹിക്കുന്നു, പക്ഷേ മഹ്‌റം, അതായത് പുരുഷസംരക്ഷണയില്ലാതെ അവര്‍ക്ക് പോകാന്‍ സാധിക്കില്ല എന്ന വിവരം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതേക്കുറിച്ച് ആദ്യമായി കേട്ടപ്പോള്‍ ഇതെങ്ങനെ ഇങ്ങനെയാകും എന്നാണു ചിന്തിച്ചത്.

ഇങ്ങനെയൊരു നിയമം ആരുണ്ടാക്കിയതാകും? ഈ തരംതിരിവ് എന്തുകൊണ്ട്? അതിന്റെ പശ്ചാത്തലം അന്വേഷിച്ചേപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുശേഷവും ഇങ്ങനെയൊരു നിയന്ത്രണം വച്ചിരിക്കുന്നത് നമ്മള്‍ തന്നെയാണ്.

ദശകങ്ങളായി മുസ്ലീം സ്ത്രീകളോട് അനീതി നടക്കുകയായിരുന്നു, പക്ഷേ, ആരും ഇതേക്കുറിച്ച് ചര്‍ച്ച പോലും ചെയ്തില്ല. പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിയമമില്ല. പക്ഷേ, ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ ഹജ്ജിനു പോകാനുള്ള അവകാശമില്ലായിരുന്നു.

നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തി. നമ്മുടെ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്തു, 70 വര്‍ഷമായി നടന്നുവരുന്ന രീതി അവസാനിപ്പിച്ച്, ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ന് മുസ്ലീം സ്ത്രീകള്‍ക്ക് മഹ്‌റം കൂടാതെതന്നെ ഹജ്ജിനു പോകാം.

ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ മഹ്‌റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്നും, കേരളം മുതല്‍ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉത്സാഹത്തോടെ ഹജ്ജ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.

ഒറ്റയയ്ക്ക് പോകുവാന്‍ അപേക്ഷ നല്‍കുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് ഞാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പൊതുവെ ഹജ്ജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്‍കുന്ന സ്ത്രീകളെ ഈ നറുക്കെപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നുമാണ് ഞാനാഗ്രഹിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.