ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് ജെ.ആര്‍. പത്മകുമാര്‍: ‘വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പാര്‍ട്ടിയില്‍ തന്നെയുള്ള അസൂയാലുക്കള്‍’

single-img
31 December 2017

 


പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ജെആര്‍ പദ്മകുമാര്‍. അങ്ങനൊരു നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടില്ലെന്ന് പത്മകുമാര്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ പാര്‍ട്ടിയില്‍ തന്നെയുള്ള അസൂയാലുക്കളാണ്. അസൗകര്യം മൂലമാണ് മൂന്ന് നാലു ദിവസമായി ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നത്. അടുത്ത ദിവസം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ താന്‍ പങ്കെടുക്കും. അതോടെ ഈ വ്യാജ പ്രചരണം പൊളിയുമെന്നും പത്മകുമാര്‍ പറഞ്ഞു.

സവര്‍ക്കറെ കുറിച്ച് പറഞ്ഞപ്പോള്‍ ചെറിയ പിശകു പറ്റിയത് സത്യമാണ്. പക്ഷേ അതിന്റെ പേരില്‍ ആര്‍എസ്എസോ ബിജെപിയോ തന്നോട് വിശദീകരണം ആവശ്യപ്പെടുകയോ മറ്റോ ചെയ്തിട്ടില്ല. താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പൊതുജന മധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ ചിലയാളുകള്‍ക്ക് ജലസിയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

നേരത്തെ, ഗൃഹപാഠമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയെ തുടര്‍ച്ചയായി നാണം കെടുത്തുന്നു എന്നാരോപിച്ച് അന്തിചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ജെ.പി വക്താവും മുതിര്‍ന്ന നേതാവുമായ ജെ.ആര്‍. പദ്മകുമാറിനോട് നേതൃത്വം ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ആര്‍.എസ്.എസിന്റേയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം തന്നെ നേരിട്ടാവശ്യപ്പെടുകയായിരുന്നു. ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അന്തിചര്‍ച്ചകളില്‍ പ്ത്മകുമാറിന്റെ നിലപാടുകളും വാദമുഖങ്ങളും എതിരാളികളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും അതുകൊണ്ട് മാറിനില്‍ക്കണമെന്നും ആര്‍.എസ്.എസ് കഴിഞ്ഞ ഒരു വര്‍ഷമായി ആവശ്യപ്പെടുന്നതാണ്. സംഘത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സോഷ്യല്‍ ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സജ്ജീവ ചര്‍ച്ചയാണ്. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയാണ് പദ്മകുമാറിനെതിരെയുള്ള ആര്‍.എസ.എസ് ആരോപണത്തിന് ശക്തി പകര്‍ന്നത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.