പെന്‍ഷന്‍ പ്രായവര്‍ധന: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

single-img
31 December 2017

പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയെടുക്കുമെന്നു മന്ത്രി കെ.കെ. ശൈലജ ഉറപ്പ് നല്‍കി.

സര്‍വീസില്‍ നിന്ന് ഈ വര്‍ഷം പിരിയുന്നത് 44 പേരാണ്. അതുപോലെ തന്നെ അടുത്ത വര്‍ഷത്തേക്ക് 16 പേര്‍ വിരമിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്.

175 പുതിയ തസ്തികകള്‍ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതു മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പുതിയതായി പ്രവേശിക്കുന്നവര്‍ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പുതിയ തസ്തികകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു. കൂടുതല്‍ തസ്തികകള്‍ കൂടി സൃഷ്ടിച്ച് സര്‍വീസില്‍ കയറാന്‍ അവസരം ഉണ്ടാക്കണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച മറ്റൊരു ആവശ്യം.

അത് അങ്ങനെ തന്നെ പരിഗണിക്കുകയാണെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. ഇത്തവണ സൃഷ്ടിച്ചതിന് പുറമെ ‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ ഉണ്ടാക്കുമെന്ന് സമരക്കാരെ മന്ത്രി അറിയിച്ചു. വരുന്ന വര്‍ഷം എത്രത്തോളം തസ്തികകള്‍ ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്‍ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി.ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പിജി സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.