അമ്മയുടെ മരണവിവരം അറിഞ്ഞു നാട്ടില്‍ പോകാനിരുന്ന മകന്‍ യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

single-img
31 December 2017


അമ്മ മരിച്ച വിവരം അറിഞ്ഞു നാട്ടില്‍ പോകാനിരുന്ന മകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥ് ആണ് അമ്മ കൗസല്യയുടെ മരണവിവരം അറിഞ്ഞു നാട്ടിലേക്കു തിരിക്കാനിരിക്കെ ഉമ്മുല്‍ ഖുവൈനില്‍ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനില്‍ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബായിയിലുള്ള അനിലിന്റെ സഹോദരന്‍ സന്തോഷ്, അനില്‍ കുമാറിനെ വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെട്ടു.

വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെയാണ്, അന്നു രാവിലെ അനില്‍ കുമാറിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനില്‍ കുമാറിന്റെ കുടുംബത്തെ മരണവാര്‍ത്ത അറിയിച്ചിട്ടില്ല. അനില്‍ കുമാര്‍ നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മോളിയും മകള്‍ ആതിരയും. ഇന്നലെ രാത്രിയാണ് അനില്‍ കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്.