ഗുസ്തി ഗോദയ്ക്ക് പുറത്ത്: ഒളിമ്പിക്സ് താരം സുശീൽ കുമാറിനെതിരെ ഡൽഹി പോലീസ് കേസെടുത്തു

single-img
31 December 2017

കോമൺവെൽത്ത് ഗെയിംസിന്റെ യോഗ്യതാ മത്സരം കഴിഞ്ഞയുടൻ ഗോദയ്ക്ക് പുറത്ത് ആരാധകർ തമ്മിൽ നടന്ന കയ്യാങ്കളിയെത്തുടർന്ന് ഒളിമ്പിക്സ് താരം സുശീൽ കുമാറിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗോൾഡ് കോസ്റ്റ് ഗെയിംസിനായുള്ള തിരഞ്ഞെടുപ്പിനിടെയാണ് സുശീൽ കുമാറിന്റേയും എതിരാളി പർവീൺ റാണയുടേയും കൂട്ടാളികൾ തമ്മില്‍ ഏറ്റുമുട്ടിയത്.

ആരാധകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവീണ്‍ റാണയുടെ സഹോദരന്‍ നവീന്‍ റാണ നല്‍കിയ പരാതിയിലാണ് സുശീല്‍ കുമാറിനെതിരെയും ആരാധകര്‍ക്കെതിരെയും കേസെടുത്തത്. ഐപിസി സെക്ഷന്‍ 323, 341 പ്രകാരമാണ് കേസ്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.

അടുത്ത വര്‍ഷം ഏപ്രിലിലാണ് കോമൺവെൽത്ത് മൽസരം നടക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തിന് ശേഷമാണ് സുശീല്‍ കുമാറിന്റെയും പ്രവീണ്‍ റാണയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റമുട്ടിയത്. യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ പ്രവീണ്‍ റാണയും സുശീല്‍ കുമാറും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിനിടയില്‍ പ്രവീണ്‍ റാണ, സുശീലിനെ കടിക്കുകയും തലക്ക് ഇടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്ന സുശീലിന്റെ ആരാധകരാണ് കയ്യാങ്കളിക്ക് തുടക്കമിട്ടത്.

സുശീല്‍ കുമാർ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ അക്രമിക്കുകയായിരുന്നെന്ന് റാണ ആരോപിച്ചു. സുശീലിന്റെ ആരാധകരായ ചിലര്‍ തന്നെ കൊല്ലുമെന്നും വരുന്ന പ്രോ റെസ്ലിങ് ലീഗില്‍ പ്രവീണിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി പ്രവീണിന്റെ സഹോദരന്‍ നവീന്‍ റാണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നല്‍കിയതും.

ദക്ഷിണാഫ്രിക്കയിൽ നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിലും പർവീൺ റാണയെ സുശീൽ കുമാർ പരാജയപ്പെടുത്തിയിരുന്നു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മൻദീപ് സിങ് രൺധാവ അറിയിച്ചു. സംഭവത്തിന് ശേഷം പര്‍വീൺ റാണയ്ക്കെതിരെ പരാതി നൽകാൻ സുശീൽകുമാറും അനുയായികളും ഇതുവരെ തയാറായിട്ടില്ല.

പ്രവീണ്‍ തന്നെ കടിച്ചതില്‍ പ്രശ്നമില്ലെന്നും ഞാന്‍ മികച്ച പ്രകടനം നടത്തുന്നത് തടയാനുള്ള പ്രവീണിന്റെ തന്ത്രമായിരിക്കും അതെന്നും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനോട് യോജിക്കാനാകില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും സംഭവ ശേഷം സുശീല്‍ വ്യക്തമാക്കിയിരുന്നു.