സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരു കൂട്ടിച്ചേർത്തതിനു പിന്നിൽ ഗണേഷ് കുമാറെന്ന് ഫെനി ബാലകൃഷ്ണൻ

single-img
30 December 2017

സരിത എസ്.നായർ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകൾ അടങ്ങിയ നാലു പേജുകൾ കൂട്ടിച്ചേർത്തതു കെ.ബി.ഗണേശ്കുമാർ എംഎൽഎയുടെ നിർദേശപ്രകാരമെന്നു സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയത്.

സോളാർ കമ്മീഷൻ മുമ്പാകെ സരിത നൽകിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഗണേഷ് കുമാറി​​ന്റെ നിർദേശപ്രകാരം എഴുതിച്ചേർത്തതാണെന്നാരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണ് ഫെനിയുടെ മൊഴി.

സോളാർ കമീഷൻ മുമ്പാകെ ഹാജരാക്കിയ 25 പേജുള്ള കത്ത് പത്തനംതിട്ട ജില്ല ജയിലിൽ ഫെനി ബാലകൃഷ്ണൻ കൈപ്പറ്റുമ്പോൾ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് കത്ത് ഗണേഷ് കുമാറി​​െൻറ ബന്ധുവായ ശരണ്യ മനോജിനെ ഏൽപിച്ചതായും ഫെനി മൊഴിയിൽ പറയുന്നു. ഗണേഷ് കുമാറി​ന്റെ നിർദേശപ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറി​ന്റെ പി.എ. പ്രദീപ് കുമാറും ചേർന്ന് നാല്​ പേജുള്ള ഡ്രാഫ്റ്റ് തയാറാക്കി സരിതയെ ഏൽപിക്കുകയായിരുന്നു. സരിത അന്നുതന്നെ നാല് പേജ് കൂടി സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽ​െവച്ച് പുതുതായി എഴുതിച്ചേർത്തു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽനിന്ന്​ പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണയായിട്ടുള്ളതെന്നും ഫെനി ബാലകൃഷ്ണൻ മൊഴി നൽകി.

രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പല രാഷ്ര്‌ടീയക്കാരുടെയും പേരുകള്‍ പറഞ്ഞെന്നുവരുമെന്നും പേരുകള്‍ പത്രസമ്മേളനത്തില്‍ ഉന്നയിക്കണമെന്നും സരിത നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇന്നുവരെ താന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ല. ഇതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്‌, പി. സി.വിഷ്‌ണുനാഥ്‌, രമേശ്‌ ചെന്നിത്തല എന്നിവരുടെ പേരുകള്‍ പറയണമെന്ന സരിതാ എസ്‌.നായരുടെ അഭിപ്രായത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. ഇ.പി.ജയരാജന്‍ പത്തുകോടി രൂപ വാങ്ങിയെന്നു പറയണമെന്നും സരിത നിര്‍ബന്ധിച്ചു. ഇതൊന്നും കഴിയാത്തതിനാലാണു സരിതയുടെ വക്കാലത്ത്‌ ഒഴിഞ്ഞതെന്നതെന്നും ഫെനി ബാലകഷ്‌ണന്‍ പറഞ്ഞു.

അന്‍പതോളം പേജുകളുള്ള ഫെനിയുടെ മൊഴി മജിസ്‌ട്രേട്ട്‌ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്‌ക്ക് 12.30 തുടങ്ങിയ മൊഴിയെടുപ്പ്‌. 1.40 വരെ തുടര്‍ന്നു. ഉച്ചകഴിഞ്ഞ്‌ 2.30നു വീണ്ടും മൊഴിയെടുത്തു. അര മണിക്കൂര്‍ നിണ്ടുനിന്ന മൊഴി പിന്നിട്‌ മജിസ്‌ട്രേട്ട്‌ ഫെനിയെ വായിച്ചുകേള്‍പ്പിച്ചു. അഡ്വ. ജോളിഅലക്‌സാണ്‌ വാദിഭാഗം അഭിഭാഷക.

സോളാർ കേസിൽ തുടക്കം മുതൽ സരിത ബ്ലാക്ക്മെയിലിങ്ങാണ് നടത്തിയിട്ടുള്ളതെന്ന്​ ഫെനി മാധ്യമങ്ങളോട്​ പറഞ്ഞു. തെളിവായി ശരണ്യ മനോജ്​ അടക്കമുള്ളവരുടെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ തന്റെ കൈവശമുണ്ട്​. അവ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാൻ തയാറാണെന്നും ഫെനി പറഞ്ഞു.