വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം;നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

single-img
30 December 2017

അഹമ്മദാബാദ്: മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായി. പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി നിഷേധിച്ചുവെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും പട്ടേല്‍ ഇതുവരെ ചുമതലയേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായ വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും, നഗരവികസന വകുപ്പും വേണമെന്ന നിധിന്‍ പട്ടേലിന്റെ ആവശ്യം തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഗാന്ധിനഗറിലെ സച്ചിവാലായ ഓഫീസില്‍ ഇന്നലെ മറ്റ് മന്ത്രിമാരെല്ലാം ചാര്‍ജ്ജെടുത്തെങ്കിലും നിധിന്‍ പട്ടേല്‍ വിട്ടുനിന്നു.

സുപ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ നടപടിയില്‍ രൂപാനിയുമായുള്ള അഭിപ്രായഭിന്നത പട്ടേല്‍ മാധ്യമങ്ങള്‍ക്കുമുന്നിലും വ്യക്തമാക്കി. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവെച്ചേക്കുമെന്ന സൂചനയാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.

അതേസമയം, ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഒരു വിഭാഗം എംഎല്‍എമാര്‍ രാജി ഭീഷണിയും മുഴക്കുന്നുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവയ്ക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എംഎല്‍എയുമായ രാജേന്ദ്ര ത്രിവേദിയും വ്യകത്മാക്കി.

അതിനിടെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബി.ജെ.പി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് പറഞ്ഞു.

മുതിര്‍ന്ന നേതാവായ നിതിന്‍ പട്ടേലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്നും ഹാര്‍ദിക് പറഞ്ഞു. അദ്ദേഹത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.