ജനാലകളിലെ കറുത്ത സ്റ്റിക്കര്‍;വില്ലനെ പോലീസ് കണ്ടെത്തി

single-img
30 December 2017

കോട്ടയം: ആഴ്ചകളായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ജനാലകളിലെ കറുത്ത സ്റ്റിക്കറിനു പിന്നിലെ സംഭവം കണ്ടെത്തി പോലീസ്. പകൽ സ്റ്റിക്കർ പതിപ്പിച്ച് രാത്രി മോഷ്ടിക്കാനുള്ള ശ്രമമാണെന്നായിരുന്നു അഭ്യൂഹം പരന്നത്.പിന്നാലെ നിരവധി വീടുകളിലെ ജനലകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ പോലീസ് സംഘമെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി.

പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ സ്റ്റിക്കറിനു പിന്നിലെ രഹസ്യം കണ്ടെത്തുകയായിരുന്നു.”പിന്‍ഹെഡ് ‘ എന്ന കമ്പനി ഇറക്കുന്ന ജനാലചില്ലുകളിലെ സ്റ്റിക്കറാണിതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന ഗ്ളാസ് വിതരണക്കടയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്‍ഹെഡ് എന്ന കമ്പനി ഇറക്കുന്ന ജനാലചില്ലുകളില്‍ നിന്നും സ്റ്റിക്കറുകള്‍ കണ്ടെത്തിയത്.ജനല്‍ച്ചില്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി കേടുപാടുണ്ടാകതിരിക്കാനായി ഒട്ടിക്കുന്ന കറുത്ത സ്റ്റിക്കറുകളാണു ഇത്.ചിലര്‍ പൊളിക്കുന്ന സ്റ്റിക്കറുകള്‍ ഭിത്തിയിലും ഒട്ടിച്ചിരുന്നു. വീടിനകത്തു നിന്നും പുറത്തേക്ക് നോക്കിയാല്‍ ഈ സ്റ്ററിക്കറുകള്‍ ശ്രദ്ധയില്‍ പെടുകയില്ല.

അഞ്ചു വര്‍ഷത്തിനിടെ പണിത വീടുകളിലും, അറ്റകൂറ്റപ്പണി നടത്തിയ വീടുകളിലും മാത്രമാണ് ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ കണ്ടെത്തിയിരിക്കുന്നത്.സ്റ്റിക്കറുകള്‍ ഒട്ടിച്ച വീട്ടില്‍ നിന്നും പോലീസ് സാമ്പിളുകള്‍ ശേഖരിച്ച്‌ കോട്ടയം നഗരത്തിലെ ഗ്ലാസ് കടകടളില്‍ എത്തിച്ച്‌ പരിശോധന നടത്തുകയും, പിന്നാലെ വീട്ടുടമസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.സംഭവത്തിനു പിന്നിലുള്ളത് വെറും കെട്ടുകഥകള്‍ ആണെന്നാണ് പോലീസ് ഭാഷ്യം.

മോഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇവ പതിക്കുന്നതെന്ന പ്രചാരണം ജില്ലയിലാകെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കെട്ടുകഥകള്‍ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

പോലീസ് പറയുന്നത് പൂര്‍ണമായി വിശ്വസിക്കാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ല. സ്റ്റിക്കറുകള്‍ ആരോ ഒട്ടിച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും നാട്ടുകാര്‍.പോലീസ് നിഗമനത്തില്‍ എത്തിയതിനു പിന്നാലെയും കോട്ടയത്തേയും, ചങ്ങനാശ്ശേരിയിലേയും വീടുകളില്‍ വീണ്ടും സ്റ്റിക്കറുകള്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്ത് എത്തി.