ലൈക്കടിച്ചാലും ഷെയര്‍ ചെയ്താലും നിങ്ങളും കുടുങ്ങും

single-img
29 December 2017

സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിനും ഒരാളെ തേജോവധം ചെയ്യുന്നതിനുമായി ഇന്ന് ഉപയോഗിക്കാന്‍ പറ്റുന്ന ഏറ്റവും പുതിയ ആയുധമാണ് സോഷ്യല്‍മീഡിയ. സാമൂഹ്യരംഗത്ത് ഇന്നുണ്ടാകുന്ന പല തിരിച്ചടികള്‍ക്കും തിരികൊളുത്തുന്നത് വാട്‌സാപ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയകളിലെ വ്യാജ പ്രചാരണങ്ങളാണ്.

സോഷ്യല്‍മീഡിയയില്‍ എന്തും ചെയ്യാമെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. ഇതിന്റ നിയമവശങ്ങളെ കുറിച്ച് പലര്‍ക്കും അത്ര ധാരണയൊന്നുമില്ല. സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമാണ് സൈബര്‍ നിയമത്തിന്റെ പരിധിയില്‍ കുറ്റകരം എന്നാണ് പലരുടെയും വിചാരം.

എന്നാല്‍ അശ്ലീലച്ചുവയോ അധിക്ഷേപമോ ഉള്ള ഒരു പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ് എന്നാണ് സൈബര്‍ രംഗത്തെ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്. മറ്റൊരാള്‍ എഴുതിയതിന് ലൈക്കും ഷെയറും നല്‍കുന്നവര്‍ അത് കൂടുതല്‍ പ്രചരിപ്പിക്കുകയാണ്.

എഴുതിയ ആള്‍ക്കെന്ന പോലെ ഉത്തരവാദിത്വമുണ്ട് അത് പ്രചരിപ്പിക്കുന്നവര്‍ക്കും. ആ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ കുറ്റകരമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്

* അധിക്ഷേപിക്കുന്ന തരത്തിലോ അശ്ലീലച്ചുവയിലോ ഉള്ള കുറിപ്പുകള്‍, പോസ്റ്റുകള്‍.

* മറ്റൊരാള്‍ എഴുതിയ ഇത്തരം കുറിപ്പുകള്‍ക്കുള്ള ലൈക്കും ഷെയറും കമന്റും .

* അശ്ലീലമായതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിവ പ്രചരിപ്പിക്കല്‍.

* മറ്റൊരാളുടെ സൈബര്‍ ഇടത്തിലേക്ക് അതിക്രമിച്ചുകയറല്‍.

ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ പിഴയും തടവുമെല്ലാം കിട്ടാവുന്ന കുറ്റങ്ങളാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. 2639 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയും കര്‍ണാടകവും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 13ാം സ്ഥാനത്താണ് കേരളം. സ്ത്രീത്വത്തെ അപമാനിച്ചതിന് 2016ല്‍ 28 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.