പാർവ്വതിയെ അധിക്ഷേപിച്ച പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്: കൊലക്കേസിലെ പ്രതിയെ പോലെ കൈകാര്യം ചെയ്‌തെന്ന് പ്രിന്റോ

single-img
29 December 2017

നടി പാർവ്വതിയെ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപിച്ച കേസിലെ പ്രതി  പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് മമ്മൂട്ടി ചിത്രം കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്ത്. ഒരു ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിനു താഴെയിട്ട കമന്റിലാണു ജോബി ജോർജ്ജ് പ്രിന്റോയ്ക്ക് ജോലി വാഗ്ദ്ദാ‍നം ചെയ്തു രംഗത്തെത്തിയത്. പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള കമന്റിൽ പറയുന്നു.

 

 

സൈബർ ഇടത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കു ധാർമ്മിക പിന്തുണ നൽകുന്ന ജീബി ജോർജ്ജിന്റെ ഈ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണു.

മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

അതേസമയം കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് നടി പാര്‍വതിയെ മോശമായി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രിന്റോ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകനാണ്.

മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അതുകൊണ്ടാണ് എന്റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തിയത്. മോശമായ രീതിയൊലൊന്നുമല്ല, സാധാരണ ഒരാള്‍ പ്രതികരിക്കുന്നതുപോലെയാണ് പ്രതികരിച്ചത്. എന്നാല്‍ മോശമായ രീതിയില്‍ ഇവരെല്ലാം അത് മാറ്റിയെടുക്കുകയായിരുന്നു.

നടി പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേല്‍ കെട്ടിച്ചമച്ചതാണ്. പുലര്‍ച്ചെ വീട്ടില്‍ ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാലുപേര്‍ വന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.

ശരിക്കും കൊലക്കേസിലെ പ്രതികളെ പിടികൂടുന്നതുപോലെയാണു തന്നെ പിടികൂടിയത്. ഇന്നലെ തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നു. ജാമ്യക്കാരില്ലാത്തതിനാല്‍ റിമാന്‍ഡ് ചെയ്തു. ഇന്ന് ജാമ്യം എടുക്കാന്‍ ആള് വന്നില്ലായിരുന്നെങ്കില്‍ അഞ്ചാറ് ദിവസം ജയിലില്‍ കിടക്കേണ്ടതായിരുന്നു.

ഇതില്‍ ഞാന്‍ മാത്രമല്ല, എന്റെ കമന്റിന് താഴെ പാര്‍വതിയെ പിന്തുണയ്ക്കുന്ന ആളുകള്‍ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവര്‍ നോക്കിയിട്ടില്ല. പാര്‍വതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്.
അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തില്‍ സെക്ഷന്‍ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രിന്റോയുടെ പോസ്റ്റില്‍ അത്തരത്തിലുള്ള ഒരുവാക്ക് പോലും കോടതിക്ക് കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകനായ ജിയാസ് ജമാല്‍ പറഞ്ഞു.