കേന്ദ്രസര്‍ക്കാരിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

single-img
29 December 2017

പാലക്കാട്: ചരക്ക്‌സേവന നികുതിക്കും നോട്ട് നിരോധിക്കലിനുമെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ജിഎസ്ടിയില്‍ കേന്ദ്രം വാഗ്ദാനം ചെയ്തതൊന്നും നടപ്പായില്ലെന്നും ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ശക്തമായ കേന്ദ്രം നിലനില്‍ക്കുമ്പോള്‍ സന്തുഷ്ടമായ സംസ്ഥാനം നിലനില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം മുഴുവന്‍ കേന്ദ്രമെടുത്തു. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ അവകാശം മുഴുവന്‍ നഷ്ടപ്പെട്ടു.

ജിഎസ്ടിയുടെ ഭാഗമായി വലിയ അസംതൃപ്തി നിലനില്‍ക്കുന്നു. ആര്‍എസ്എസിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വിവേകരഹിതമായാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്.

അതിന്റെ ഫലമായി വിപണിയില്‍ പണം എത്തുന്നത് ഇല്ലാതായി. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളര്‍ച്ച പിന്നോട്ടായെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ചതുകൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം.

എന്നിട്ട് കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും സംസ്ഥാനം കാര്‍ഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചാല്‍ സഹായം നല്‍കില്ലെന്ന് കേന്ദ്രഗവണ്‍മെന്റ് നിലപാട് സ്വീകരിച്ചു.

രാജ്യം മുഴുവന്‍ കര്‍ഷക പ്രക്ഷോഭം നടക്കുകയാണ്. പാര്‍ലമെന്ററി സംവിധാനത്തിലും ആര്‍എസ്എസില്‍ താല്‍പര്യമില്ല. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയില്‍ ജനാധിപത്യത്തെ കൊണ്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്തി കുറ്റപ്പെടുത്തി.