പയ്യോളി മനോജ് വധം ഏരിയാ കമ്മിറ്റിയുടെ അറിവോടെയെന്ന് സിബിഐ: പ്രതികളെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

single-img
29 December 2017

പയ്യോളി മനോജ് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴ് സി.പി.എം നേതാക്കളടക്കം ഒമ്പതുപേരെ ജനുവരി 10 വരെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായാണ് മനോജിനെ വകവരുത്തിയതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണ്. സി.ഐ.ടി.യുകാരനായ ഓട്ടോ ഡ്രൈവറെ വെട്ടിയതിന്റെ പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയത്. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും സി.ബി.ഐ വ്യക്തമാക്കി.

രണ്ട് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. മനോജിനെ വകവരുത്തണമെന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തെ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. കൃത്യം നടത്താന്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്തു. വ്യക്തി വിരോധമല്ല കൊലപാതകത്തിന് കാരണം.

ആയുധങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്, എന്നിവയായിരുന്നു സി.ബി.ഐയുടെ മറ്റ് കണ്ടെത്തലുകള്‍. അതേസമയം, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത് വിചാരണയില്‍ തെളിയേണ്ടതാണെന്ന് കോടതി പ്രതികരിച്ചു.

ജില്ല കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി. ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഖേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി. മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പി.കെ. കുമാരന്‍ എന്നിവരെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ സിബിഐ സംഘം അറസ്റ്റു ചെയ്തത്.

2012 ഫെബ്രുവരി 12നാണ് ബിജെപി പ്രവര്‍ത്തകനായ മനോജിനെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.