പുതുവത്സരാഘോഷത്തിനെതിരെ മുന്നറിയിപ്പുമായി ഹിന്ദു സംഘടനകള്‍

single-img
29 December 2017

ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ വീണ്ടും ഹിന്ദു സംഘടനകള്‍ രംഗത്ത്. മംഗലാപുരത്ത് പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

രാത്രി 12 മണിക്കു മുന്‍പ് പുതുവത്സരാഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ പൊലിസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളില്‍ വലിയതോതില്‍ ലഹരി ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഒരുവിഭാഗം പ്രതിഷേധമുയര്‍ത്തുകയും പരിപാടി വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു.

പരിപാടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി കന്നട രക്ഷണവേദികെ യുവസേന എന്ന സംഘടനയാണ് അന്ന് രംഗത്തെത്തിയത്. മുന്‍പ് വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കു നേരെ ശ്രീരാമ സേന അടക്കമുള്ള സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

അതേസമയം, ഇത്തരം സദാചാര പോലീസിങ് നടത്താന്‍ ഒരു സംഘടനയ്ക്കും അധികാരമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഈ സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.