നിലപാടിലുറച്ച് എം ടി വാസുദേവൻ നായർ: ശബ്ദരേഖ ഇ വാർത്ത പുറത്തുവിടുന്നു

single-img
29 December 2017

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം ടി വാസുദേവൻ നായരെക്കുറിച്ച് രണ്ടു ദിവസമായി ഓൺലൈനിൽ വലിയ ചർച്ചകളാണു. ഓൺലൈൻ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് എം ടിയ്ക്ക് ഒന്നുമറിയാൻ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിനെതിരായ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണു. ഈ സാഹചര്യത്തിലാണു ഇന്നലെ ഈ വിവാദങ്ങൾക്കൊരവസാനം എന്ന നിലയിൽ ഇ വാർത്ത ഡസ്കിൽ നിന്നും അദ്ദേഹത്തെ വിളിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുവാനും അതു പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചത്.

ഇ കെ സമസ്ത വിഭാഗം നടത്തുന്ന ദാറുൽ ഹുദ സർവ്വകലാശാലയുടെ തൃശൂർ ചാമക്കാല നഹ്ജുർ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു പരിപാടിക്ക് ക്ഷണിക്കുവാൻ ചെന്നപ്പോൾ എം ടി വാസുദേവൻ നായർ അവരോട് മുസ്ലീം വിരുദ്ധമായ പരാമർശം നടത്തി എന്നാരോപിച്ചുകൊണ്ട് പ്രസ്തുത കോളജിലെ ഒരു വിദ്യാർത്ഥി ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റായിരുന്നു വിവാദമായത്. അക്ഷരമാല ’17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ദ്വിദിന ശിൽപ്പശാലയുടെ മുഖ്യ കാര്യദർശിയായി എം ടിയെ ആണു തങ്ങൾ തെരെഞ്ഞെടുത്തതെന്നും എന്നാൽ വീട്ടിൽ ചെന്നുകണ്ടപ്പോൾ പലകാരണങ്ങളും പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ കാര്യദർശിയെന്ന നിലയിൽ ശിൽപ്പശാലയുടെ പങ്കാളിത്ത സർട്ടിഫിക്കറ്റിൽ ഒപ്പിട്ടുതരുമോയെന്നു ചോദിച്ച വിദ്യാർത്ഥികളോട് “ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായി വന്നാൽ ഞാൻ എന്തുചെയ്യും? ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തത് ” എന്ന് എം ടി പറഞ്ഞതായും സലിം മണ്ണാർക്കാട് എന്ന വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

എന്നാൽ സാഹചര്യത്തിൽ  നിന്നടർത്തിയെടുത്ത അർദ്ധസത്യമാണു ഇതെന്നാണു എം ടി വാസുദേവൻ നായർ പ്രതികരിച്ചത്. തന്നെ കാര്യദർശിയായി തീരുമാനിച്ചതിനു തന്റെ സമ്മതമുണ്ടായിരുന്നില്ലെന്നും അദ്ദേഹം  ഇ വാർത്തയോട് പറഞ്ഞു.

“എനിക്കു യാതൊരു ബന്ധവുമില്ലാത്ത ഒരു ക്യാമ്പിൽ പങ്കെടുത്തയാളുകൾക്ക് കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ ഞാൻ ഒപ്പിടണമെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ വന്നു ആവശ്യപ്പെട്ടു. പറ്റില്ലെന്നു ഞാൻ പറഞ്ഞു. എനിക്ക് എങ്ങനെയാണു അത്തരത്തിൽ ഒപ്പിട്ടുകൊടുക്കാൻ സാധിക്കുക?” എം ടി ചോദിച്ചു.

അവർ പിന്നീട് കൂടുതൽ നിർബ്ബന്ധിച്ചപ്പോഴാണു ഇങ്ങനെ ഒരു ക്യാമ്പിൽ പങ്കെടുക്കുന്ന ആരെങ്കിലും നാളെ എന്തെങ്കിലും തീവ്രവാദ പ്രവർത്തനം നടത്തിയാൽ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ എന്നു താൻ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആരോപിക്കപ്പെടുന്നതുപോലെ ഒരു മുസ്ലീം വിരുദ്ധ പരാമർശമായല്ല താൻ അതു പറഞ്ഞത്. ആരോ നടത്തുന്ന ഒരു ക്യാമ്പിലെ സർട്ടിഫിക്കറ്റിൽ താൻ കണ്ണുമടച്ച് ഒപ്പിട്ടൽ ഉണ്ടാകാവുന്ന ഒരു ഭവിഷ്യത്ത് എന്ന നിലയിൽ ചൂണ്ടിക്കാട്ടിയതാണു ഇക്കാര്യം എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം.

എം ടിയുടേതായി വന്ന ഈ വിശദീകരണത്തെ എം ടിയെ അപകീർത്തിപ്പെടുത്തുവാനെന്നവണ്ണം തലക്കെട്ടുമായി മറ്റൊരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇ വാർത്തയുടെ വാർത്തയെ ഉദ്ധരിച്ചായിരുന്നു ഈ മാധ്യമത്തിന്റെ വാർത്ത വന്നത്. എന്നാൽ ഇതിനുശേഷം ഇതേ ഓൺലൈൻ പോർട്ടലിൽ ഇ വാർത്തയിൽ വന്ന എം ടിയുടെ വിശദീകരണം വ്യാജമാണു എന്നതരത്തിൽ മറ്റൊരു വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം ഓൺലൈൻ വിഴുപ്പലക്കലുകളോടൊന്നും തനിക്ക് താൽപ്പര്യമില്ലെന്നാണു എം ടി വാസുദേവൻ നായർ പ്രതികരിച്ചത്. താൻ കഴിഞ്ഞ ദിവസം ഇ വാർത്തയുടെ ലേഖകനോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇ വാ‍ർത്തയുടെ കണ്ടന്റ് എഡിറ്റർ സുധീഷ് സുധാകരൻ പലതവണ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ അവസാനം നടത്തിയ ഫോൺ സംഭാഷണത്തിലെ പ്രസക്തഭാഗത്തിന്റെ ഓഡിയോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുകയാണു. തന്നെ മുസ്ലീം വിരുദ്ധനായി ഏതെങ്കിലും ഓൺലൈൻ മാധ്യമം ചിത്രീകരിക്കാൻ ശ്രമിക്കുന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എം ടി വാസുദേവൻ നായരെപ്പോലെ ഒരു വന്ദ്യവയോധികനായ സാഹിത്യകാരനെ ഇത്തരം സൈബർ ഉപജാപങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ ഓഡിയോ ക്ലിപ്പ് തെറ്റിദ്ധരണാജനകമായ രീതിയിൽ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാൻ ആരും തുനിയരുത് എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.