പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

single-img
29 December 2017

ആര്‍എസ്എസ് മേധാവി പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ചട്ടം ലംഘിച്ച് പതാകയുയര്‍ത്തിയതിനും ദേശീയഗാനം ആലപിക്കാത്തതിനുമാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നടപടിയെടുക്കാന്‍ നവംബര്‍ 27ന് ആണ് മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആരോപണവുമായി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

സിപിഎം ആര്‍എസ്എസ് ബന്ധമാണ് ഈ മൗനത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കവെ സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ ലഭിച്ചതോടെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാകയുയര്‍ത്തിയത്.

നിലവിലുള്ള ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്‌കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളത്.

ഈ ചട്ടം ലംഘിച്ചുകൊണ്ട് മോഹന്‍ ഭാഗവതിനെ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിച്ചതാണ് നടപടിക്കു കാരണം. ദേശീയപതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചതെന്നും കണ്ടെത്തിയിരുന്നു.

ഇത് 2002 ലെ ദേശീയ ഫ്‌ളാഗ് കോഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ നേതാവ് സ്‌കൂളില്‍ പതാകയുയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇക്കാരണംകൊണ്ട് ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുമില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നു കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. ഇത് പരിശോധിക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ഒന്‍പതു മണിയോടുകൂടി മോഹന്‍ ഭഗവത് സ്‌കൂളിലെത്തുകയും പതാകയുയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്‌തെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇക്കാര്യം ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ പൊതുഭരണ വകുപ്പ് പരിശോധിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.