ബാര്‍ കോഴക്കേസ് അന്വേഷണം നീളുന്നതില്‍ കോടതിക്ക് അതൃപ്തി: ‘അന്വേഷണത്തിന് പരിസമാപ്തി വേണ്ടെയെന്ന് വിജിലന്‍സ് കോടതി’

single-img
29 December 2017

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറ്റ് കേസുകളായിരുന്നെങ്കില്‍ ഇതിനോടകം തീരുമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന് വിജിലന്‍സ് അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസം കൂടി സമയം വിജിലന്‍സിന് കോടതി അനുവദിച്ചു.

കോഴയാരോപണത്തിനു തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും പിന്നീടു നടത്തിയ തുടരന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിട്ടും രണ്ടാംവട്ടവും തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ കേസാണ് കോടതി പരിഗണിച്ചത്.

അതിനിടെ, മുന്‍മന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്റെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഭദ്രമായി സൂക്ഷിക്കാന്‍ റജിസ്ട്രിയിലേക്കു മാറ്റി. കേസ് ജനുവരി 17നു വീണ്ടും പരിഗണിക്കും.