2018 മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കാനുള്ള തീരുമാനം കുവൈറ്റ് മാറ്റി; തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന തീരുമാനവും മാറ്റിവച്ചു

single-img
29 December 2017

2018 മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കില്ലെന്ന് കുവൈറ്റ്. നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കുവൈത്തിന്റെ തീരുമാനം. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതിയും ആവശ്യമാണ്.

എന്നാല്‍ ജിസിസി അംഗീകരിച്ച ബില്‍ കുവൈത്ത് പാര്‍ലമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സാങ്കേതികതടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടി ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുമില്ല. നേരത്തെ ഒമാനും വാറ്റ് നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചിരുന്നു.

അതിനിടെ കുവൈത്തില്‍ മുപ്പത് തികയാത്ത വിദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന തീരുമാനവും താത്കാലികമായി മാറ്റിവച്ചു. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുമാനമാണ് മാറ്റിവച്ചത്. വിശദമായ പഠനത്തിനും ചില മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമുള്ള കാലതാമസം പരിഗണിച്ചാണ് നടപടി.

പരിചയ സമ്പത്തില്ലാത്ത പ്രൊഫഷനലുകളെ നിയമിക്കുന്നത് തൊഴില്‍ മേഖലയ്ക്ക് ഗുണകരമല്ലെന്ന് വിലയിരുത്തിയായിരുന്നു 30 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധനം കൊണ്ടുവരാന്‍ ആലോചിച്ചത്. നേരത്തെ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

30 വയസ്സില്‍ താഴെയുള്ള പുതുതായി ബിരുദമെടുത്തവരെ നിയമിക്കുന്നതാണ് ലാഭകരമെന്നു ചൂണ്ടിക്കാട്ടി ചെറുകിട വ്യവസായ സൊസൈറ്റിയും രംഗത്തു വന്നിരുന്നു. സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി ഫ്രഷ് ഗ്രാജുവേറ്റ്‌സിന് വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത് വിലക്കി കൊണ്ടു കഴിഞ്ഞ മാസം നിര്‍ദേശം പുറപ്പെടുവിച്ചത്. ഡിപ്ലോമ, ബിരുദ പഠനത്തിന് ശേഷം നാട്ടില്‍ നിന്ന് മതിയായ തൊഴില്‍ പരിശീലനം ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതി എന്നായിരുന്നു തീരുമാനം.