മന്ത്രിയുടെ കണ്ണടയുടെ വില 28,000 രൂപ: കുടുംബക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ വക ഫ്രീ ചികിത്സ: കെ.കെ. ശൈലജ വിവാദത്തില്‍

single-img
29 December 2017


മന്ത്രി കെ.കെ.ശൈലജ കണ്ണട വാങ്ങിയത് 28,000 രൂപയ്ക്ക്. ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഭക്ഷണം കഴിച്ചത് 2695 രൂപയ്ക്ക്. ചികില്‍സാച്ചെലവ് അരലക്ഷത്തിലേറെ രൂപ. എല്ലാ ബില്ലും സര്‍ക്കാരിനു ഹാജരാക്കി മന്ത്രി പണം കൈപ്പറ്റുകയും ചെയ്തു.

പിണറായി സര്‍ക്കാരിന് പുതിയ തലവേദന ആയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരായ ആരോപണം. മന്ത്രി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ബിജെപിക്ക് പിന്നാലെ യുഡിഎഫും ശൈലജയുടെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്കുകള്‍. 2016 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഭാസ്‌കരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി.

7150 രൂപ പ്രതിദിന വാടകയുള്ള സ്യൂട്ട് റൂമാണ് ആശുപത്രിയില്‍ മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. ഭാസ്‌കരന്‍ തന്നെമാത്രം ആശ്രയിച്ച് ജീവിക്കുന്നുവെന്നും അദ്ദേഹം തൊഴില്‍രഹിതനാണെന്നും ഇതിനായി മന്ത്രി സത്യപ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ സമയത്ത് ഭാസ്‌കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പഴശ്ശി വെസ്റ്റ് എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപക പദവിയില്‍നിന്ന് വിരമിച്ചയാളാണ് ഭാസ്‌കരന്‍. ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.

മന്ത്രി ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. ആരോഗ്യമന്ത്രി ചികിത്സാ സഹായം കൈപ്പറ്റിയത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും വീഴ്ചയുണ്ടായെങ്കില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം ഏറ്റെടുത്ത് വരും ദിവസങ്ങളില്‍ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കാനാണ് യു ഡി എഫിന്റെ നീക്കം. പി സി ജോര്‍ജും ശൈലജക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അന്വേഷണവിധേയമായി ആരോഗ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

ശൈലജയുടെ നടപടിക്കെതിരേ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതിനല്‍കി. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ചികിത്സിക്കാതെ പണം എഴുതിവാങ്ങിയ അവര്‍ രാജിവയ്ക്കണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതി വിമര്‍ശനം വരെ നേരിട്ട ആരോഗ്യമന്ത്രിക്ക് തലവേദനയാണ് പുതിയ വിവാദം.