ഗള്‍ഫ് പ്രവാസികള്‍ക്ക് പുതുവര്‍ഷം അത്ര നല്ലതല്ല: വരാനിരിക്കുന്നത് വന്‍ പ്രതിസന്ധികള്‍

single-img
29 December 2017

പ്രവാസികളില്‍ ബഹുഭൂരിപക്ഷവും തൊഴില്‍ ഭീഷണി നേരിടുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതുവര്‍ഷം പിറക്കുന്നതോടെ അത് കൂടുതല്‍ പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസികളായിട്ടുള്ളത്.

ഗള്‍ഫ് രാജ്യങ്ങളിലെ 89 ലക്ഷം ഇന്ത്യക്കാരില്‍ 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ യു.എ.ഇ.യിലാണുള്ളത്. സൗദിയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷവും ഇന്ത്യക്കാരുണ്ടെന്നാണ് യു.എന്‍. റിപ്പോര്‍ട്ട്. അതിലേറെയും മലയാളികളുമാണ്.

പുതുവര്‍ഷത്തില്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍ അരക്ഷിതാവസ്ഥയും സ്വദേശി വത്കരണവും കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഖത്തര്‍ ഉപരോധവുമെല്ലാം ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യു.എ.ഇ.യിലും സൗദിയിലും ജനുവരി ഒന്നുമുതല്‍ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ വര്‍ധിക്കും. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് ഈ നികുതി സമ്പ്രദായം നടപ്പിലാകുന്നത്.

വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്ഥുകള്‍ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളെല്ലാം വാറ്റ് ബാധകമാകും. താമസചെലവും വിദ്യാഭ്യാസ ചെലവും വര്‍ധിക്കുന്നതോടെ കുടുംബവുമൊത്ത് താമസിക്കുന്ന മലായിളികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാകും.

ഒക്ടോബര്‍ മുതല്‍ യുഎഇയില്‍ എക്‌സൈസ് നികുതി ഈടാക്കി തുടങ്ങിയിട്ടുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും ഊര്‍ജദായക പാനീയങ്ങള്‍ക്കും യഥാക്രമം 50ഉം 100ഉം ശതമാനമാണ് എക്‌സൈസ് നികുതി ഈടാക്കുന്നത്. ഭാവിയില്‍ പുതിയ നികുതി നടപ്പാക്കുന്നതിനെ കുറിച്ചുള്ള സൂചനകളും യുഎഇ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇതോടെപ്പം സ്വദേശി വത്കരണവും പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. സ്വദേശി വത്കരണത്തില്‍ മറ്റു രാജ്യങ്ങളും സൗദിയുടെ പാത പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ സര്‍വീസില്‍ വിദേശികളെ ഇനി നിയമിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കുവൈത്തിന്റെ പ്രഖ്യാപനം വന്നത്.

മറ്റു മേഖലകളിളും സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. സൗദിയില്‍ ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയതിന് പിന്നാലെ ഇലക്‌ട്രോണിക് ഇലക്ട്രിക്കല്‍ കടകളില്‍ സമ്പൂര്‍ണ്ണ സ്വദേശി വത്കരണം അടുത്ത് തന്നെ നിലവില്‍ വരും.

മറ്റു മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വദേശി വത്കരണത്തിന്റെ ഭാഗമായി 2017 ല്‍ മാത്രം മൂന്നു ലക്ഷത്തോളം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമായിട്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍. സ്വകാര്യ മേഖലയിലാണ് തൊഴില്‍ നഷ്ടപ്പെട്ടവരിലധികവും.

ഇതുവരെ നടപ്പാക്കിയ മേഖലകളിലൊക്കെ സ്വദേശിവത്കരണം വന്‍ വിജയമാണെന്ന് സൗദി ഭരണകൂടത്തിന്റെ നിഗമനം. സ്ത്രീകളുടെ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ബിനാമികളെ വെച്ച് നടത്തുന്ന വിദേശി ഉടമസ്ഥരെ കണ്ടെത്താന്‍ സൗദി വാണിജ്യ മന്ത്രാലയം പ്രത്യേക സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതും തിരിച്ചടിയുണ്ടാക്കും.

ഇതിനെല്ലാം പുറമെയാണ് സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ ലെവി ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നത്. വര്‍ഷം 4800 റിയാലാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിട്ടുളളത്.

നിലവില്‍ 2400 റിയാലാണ് വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിട്ടുളളത്. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമ വര്‍ഷം 4800 റിയാല്‍ ലെവി അടക്കണം. വര്‍ക് പെര്‍മിറ്റ്, ഇഖാമ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 5600 റിയാല്‍ വര്‍ഷം ചെലവഴിക്കേണ്ടി വരും.

50 ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളുളള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് വര്‍ഷം 3600 റിയാല്‍ ലെവി അടച്ചാല്‍ മതി. സ്വദേശികളെക്കാള്‍ കുറവുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ 2019ല്‍ 7,200ഉും 2020ല്‍ 9,600 റിയാലും ലെവി അടക്കണം.

സ്വദേശികള്‍ കൂടുതലുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആനുപാതികമായ ഇളവ് ലഭിക്കും. നിലവില്‍ ഇഖാമ, വര്‍ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധിയുളളവര്‍ ജനുവരി 1 മുതല്‍ വര്‍ധിപ്പിച്ച ലെവി അടക്കാന്‍ ബാധ്യസ്ഥരാണ്. വിദേശ തൊഴിലാളികള്‍ക്ക് ലെവി നടപ്പാക്കിയത് തൊഴിലുടമകള്‍ വന്‍ ബാധ്യതയാണ് വരുത്തി തീര്‍ക്കുന്നത്.

ഇതുമൂലം തൊഴിലാളികളെ പരാമധി കുറയ്ക്കാനും സ്വദേശികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുകയാണ്. കൂടാതെ പൊതുമാപ്പ് അവസാനിച്ചതോടെ കര്‍ശന പരിശോധനയാണ് വിദേശികളുടെ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും നടത്തി കൊണ്ടിരിക്കുന്നത്.

ഒരു മാസത്തിനകം മൂന്ന് ലക്ഷത്തിലധികം പേരെ മതിയായ രേഖകളില്ലാത്തതിന്റെ പേരില് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ആശ്രിത ലെവി ജൂലൈമുതല്‍ 200 റിയാലാകും. നിലവില്‍ 100 റിയാലുണ്ടായിരുന്നപ്പോഴെ നിരവധി കുടുംബങ്ങള്‍ക്കാണ് നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്. ഓരോ വര്‍ഷം കൂടുംതോറും ഇത് നൂറ് റിയാല്‍ വിധം വര്‍ധിച്ചുകൊണ്ടിരിക്കും.

ഇതോടൊപ്പം ഖത്തര്‍ പ്രതിസന്ധിയും വരുന്ന വര്‍ഷം വന്‍ തിരിച്ചടിയാകും. ജൂണില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടു ചേരികളായി.
യുഎഇയും ബഹ്‌റൈനും സൗദിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ കുവൈത്തും ഒമാനും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്.

ഇറാനുമായിട്ടുള്ള ഖത്തറിന്റെ ബന്ധമാണ് സൗദി ഉപരോധത്തിന്റെ പ്രധാന കാരണം. ഖത്തറിന് ഉപരോധം മറികടക്കാനായെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടായത് പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ഇറക്കുമതി നിലച്ചപ്പോള്‍ ഖത്തര്‍ തുര്‍ക്കിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

കടപ്പാട്: മാതൃഭൂമി