ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ ‘പിള്ളയുടെ പുതിയ അടവ്’: കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേക്ക്

single-img
29 December 2017

തിരുവനന്തപുരം: മകന്‍ ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപ്പിള്ളയുടെ നിര്‍ണായക നീക്കം. കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേയ്ക്ക് ചേക്കേറുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ ഭാഗമായി ജനുവരി ആറിന് ശരത് പവാറുമായി കൂടുക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍ നടത്തുന്ന ചര്‍ച്ചയില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും പങ്കെടുക്കും. ഇതിന് ശേഷം കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പിയില്‍ ലയിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഈ നീക്കത്തിന് ഇടതുമുന്നണി നേതൃത്വവും പച്ചക്കൊടികാണിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ളതാണ് പിള്ളയുടെ പുതിയ നീക്കം. ലയനം പൂര്‍ത്തീകരിക്കുന്നതോടെ ഗണേഷ് കുമാര്‍ എന്‍.സി.പി മന്ത്രിയാകും എന്നാണ് വിവരം. നിലവില്‍ എന്‍.സി.പിയ്ക്ക് രണ്ട് അംഗങ്ങളാണ് കേരളാ നിയമസഭയില്‍ ഉള്ളത്.

ഇവര്‍ രണ്ട് പേരും കേസുകളില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച എം.എല്‍.എമാരില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു എന്‍.സി.പി നിലപാട്. എന്നാല്‍ എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളിക്കേസും തോമസ് ചാണ്ടിക്കെതിരായ ഭൂമികയ്യേറ്റക്കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

എന്‍.സി.പി എം.എല്‍എമാരായ തോമസ് ചാണ്ടിയ്ക്കും, ശശീന്ദ്രനും നിലവിലെ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേയ്ക്ക് വരാന്‍ അടുത്തകാലത്തൊന്നും സാധിക്കില്ലെന്ന സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ലയനത്തിന് മുന്‍കൈയെടുക്കുന്നത്.

അതേസമയം മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാര്‍ത്ത കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള നിഷേധിച്ചു. വാര്‍ത്ത അസംബന്ധമാണെന്നും ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലെന്നും അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.