കാത്തിരിപ്പിന് വിരാമം; വിസ്മയത്തിന്റെ പുതുലോകം സമ്മാനിക്കുന്ന ദുബൈ ഫ്രെയിം ജനുവരി ഒന്നിന് തുറക്കും

single-img
29 December 2017

വിസ്മയത്തിന്റെ പുതുലോകം സമ്മാനിക്കുന്ന, ദുബായിയുടെ വിസ്മയങ്ങളിലേയ്ക്ക് ജാലകങ്ങള്‍ തുറക്കുന്ന ദുബായ് ഫ്രെയിം(ബിര്‍വാസ് ദുബായ്) പുതുവത്സര സമ്മാനമായി 2018 ജനുവരി ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാകും സന്ദര്‍ശന സമയം. നഗരമധ്യത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരങ്ങള്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷ. പകല്‍ സ്വര്‍ണ നിറത്തിലാണ് ദുബൈ ഫ്രെയിം. രാത്രികാലത്ത് നിറം മാറും.

മണിക്കൂറില്‍ 200 പേരെ മാത്രമായിരിക്കും ദുബായ് ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. ഇതിനായി ഉടന്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പ് /വെബ് സൈറ്റ് വഴി ബുക്ക് ചെയ്യണം. മുതിര്‍ന്നവര്‍ക്ക് 50, മൂന്ന് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹം ആണ് പ്രവേശന നിരക്ക്.

മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കും. കൂടാതെ, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും കൂടെ ഒരാള്‍ക്കും പ്രവേശനം സൗജന്യമാണ്. മണിക്കൂറില്‍ 200 പേരെന്ന കണക്കില്‍ പ്രതിവര്‍ഷം 20 ലക്ഷം പേര്‍ ദുബായ് ഫ്രെയിം സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷ.

ദുബായ് ഫ്രെയിം കാണാന്‍ മെട്രോ(ചുവപ്പ് ലൈന്‍) യിലൂടെ വരുന്നവര്‍ ജാഫിലിയ്യ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. സാബീല്‍ പാര്‍ക്കിന്റെ നാലാം നമ്പര്‍ കവാടത്തിലൂടെ ടിക്കറ്റെടുത്ത് അകത്തേയ്ക്ക് പ്രവേശിക്കാം. ഒന്നാം നമ്പര്‍ ഗേറ്റിന് മുന്‍പിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സാബീല്‍ പാര്‍ക്കിലാണ് 150 മീറ്റര്‍ ഉയരത്തിലും 93 മീറ്റര്‍ വീതിയിലും സുതാര്യമായ ചില്ലുകളുടെ രണ്ട് വന്‍ സ്തൂപങ്ങളുമായി ഈ അതിശയ കെട്ടിടം യാഥാര്‍ഥ്യമായത്. 93 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലമാണ് ഏറ്റവും വലിയ സവിശേഷത.

ഈ പാലമുള്ള പ്രധാന ഹാളില്‍ നിന്ന് പഴയ–പുതിയ ദുബായിയെ 360 ഡിഗ്രിയില്‍ ആസ്വദിക്കാനാകും. വടക്ക് ഭാഗത്ത് ഷെയ്ഖ് സായിദ് റോഡിനോടു ചേര്‍ന്നുള്ള കെട്ടിടങ്ങളടങ്ങുന്ന പുതിയ ദുബായിയും, തെക്കു ഭാഗത്ത് ദെയ്‌റ, ഉമ്മു ഹുറൈര്‍, കരാമ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ പഴയ ദുബായിയും കാഴ്ചകളില്‍ തെളിയും.

കൂടാതെ, 50 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദുബായ് എങ്ങനെയായിരിക്കുമെന്ന ഫ്യൂച്ചര്‍ ദുബായ് വീഡിയോ പ്രദര്‍ശനം മെസനൈന്‍ നിലയിലുമൊരുക്കിയിട്ടുണ്ട്. മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പകല്‍ സ്വര്‍ണ നിറത്തിലാണ് ദുബായ് ഫ്രെയിംതിളങ്ങുന്നതെങ്കില്‍ രാത്രികാലത്ത് അതിനു നിറം മാറ്റം വരും.

പൗരാണിക ദുബൈയുടെ മുദ്രകള്‍ ഉള്‍ച്ചേര്‍ന്ന മ്യൂസിയം കടന്നു വേണം മുകളിലെത്താന്‍. വളര്‍ച്ചക്കിടയിലും ഇന്നലെകള്‍ മറക്കാനുള്ളതല്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് മ്യൂസിയം. ലിഫ്റ്റില്‍ മുകളിലേക്കുള്ള യാത്രയും ആഹ്ലാദകരമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. 25 കോടി ദിര്‍ഹം ചെലവിട്ടാണ് നിര്‍മാണം.