വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് കൊഹ്ലി: ‘അടുത്ത ലക്ഷ്യം ദക്ഷിണാഫ്രിക്കയെ കീഴ്‌പ്പെടുത്തുക’

single-img
28 December 2017

മുംബൈ: വിവാഹ ജീവിതം മനോഹരമായ നിമിഷമായിരുന്നുവെന്നും എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പരിശീലനം തുടങ്ങിയിരുന്നുവെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച്ച നടന്ന വിവാഹ വിരുന്നിന് ശേഷം കൊഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ നേടാന്‍ കഴിയാത്ത പരമ്പര നേട്ടമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കൊഹ്‌ലി പറഞ്ഞു. വിജയിക്കാനുള്ള ദാഹം എന്നത്തേയും പോലെ ഇത്തവണയും ശക്തമാണ്.

കഴിഞ്ഞ തവണ നേടാനാകാത്തത് ഇത്തവണ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചാലെ വിദേശങ്ങളില്‍ ജയം സ്വന്തമാക്കാനാകുകയുള്ളൂവെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. അവിടെ പോയി കഴിവിന്റെ 100 ശതമാനം പുറത്തെടുത്ത് ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ടീമെന്ന നിലയില്‍ തങ്ങളുടെ കടമയെന്നും കൊഹ്‌ലി പറഞ്ഞു.

അതിനിടെ വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ പുതുവത്സരം ആഘോഷിക്കാന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. സഹതാരങ്ങള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി മുംബയില്‍ ഒരുക്കിയ സ്‌നേഹ വിരുന്നിന് ശേഷമായിരുന്നു ഇരുവരുടെയും യാത്ര.

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി ആദ്യ ആഴ്ച തന്നെ അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങും. ജനുവരി അഞ്ചിന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് വേണ്ടി കൊഹ്ലി അവിടെ തന്നെ തുടരും. മൂന്ന് വീതം ടെസ്റ്റും ട്വന്റി 20യും ആറ് ഏകദിന മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നതിനാണ് അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങുന്നത്. കൂടാതെ ഫെബ്രുവരി ഒമ്പതിന് റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം പാരിയുടെ പ്രമോഷന്‍സും ആരംഭിക്കേണ്ടതുണ്ട്.
ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 11നാണ് ഇരുവരും ഒന്നായത്. ഇറ്റലിയിലായിരുന്നു വിവാഹം.