മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ

single-img
28 December 2017

പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് മുത്തലാഖ് നിരോധനബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്നതിനോടുള്ള എതിർപ്പ് ശബ്ദവോട്ടോടെ ലോക്സഭ തള്ളിയിരുന്നു. ഇത്​ ചരിത്രദിനമാണെന്ന്  രവിശങ്കർ പ്രസാദ് ലോക്​സഭയിൽ പറഞ്ഞു.

മുത്തലാഖിന്​ ഇരയാകുന്ന സ്​ത്രീകൾക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്​ത്രീ​ സമത്വമാണ്​ നടപ്പാക്കുന്നതെന്നും രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടും അത്തരം സംഭവങ്ങള്‍ രാജ്യത്ത് തുടരുന്നത് ശക്തമായ നിയമം നിലവിലില്ലാത്തതിനാലാണ്. സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ച ഒന്നിനെ തുടര്‍ന്നുകൊണ്ടുപോകാന്‍ പാര്‍ലമെന്റിന് എങ്ങനെ കഴിയുമെന്നും മന്ത്രി ചോദിച്ചു.

മൂന്ന് തലാഖും ഒറ്റയടിക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യക്ക് കോടതിയോട് ആവശ്യപ്പെടാം.

അതേസമയം, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കരട് തയ്യാറാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ബില്ലിൽ ഭേദഗതി വരുത്തണമെന്ന്​ കോൺഗ്രസ്​ വാദിച്ചു. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കുന്നതിന് എതിരാണെന്നുമാണു കോൺഗ്രസിന്റെ നിലപാട്. എ സമ്പത്താണ് സിപിഎമ്മിന് വേണ്ടി വിയോജിപ് നോട്ടീസ് സഭയില്‍ നല്‍കിയത്.

ബിൽ മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണെന്ന്​ എ.​​ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. ബില്ലിൽ മുസ്​ലിംകളെ പരിഗണിച്ചിട്ടില്ലെന്നും ഉവൈസി പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ബില്ലെന്ന് മുസ്‌ലിം ലീഗ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ബില്ലിൽ സമവായം ഉണ്ടാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട‌തായി പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ അറിയിച്ചു. ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ലിംഗ സമത്വവും സ്ത്രീ സംരക്ഷണവും അന്തസും ഉറപ്പാക്കുന്നതാണ് ബില്ല്. മുത്തലാഖ് ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‍ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്​ സഭയിലെത്തിയിരിക്കുന്നത്​.