കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ ഭയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

single-img
28 December 2017

കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ പാകിസ്താന്‍ ലംഘിച്ചു. ഇതു സംബന്ധിച്ച് പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചതായും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമ പറഞ്ഞു.

പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവര്‍ ഭയപ്പെടുത്തി. കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യ ചേതന്‍കുലിന്റെ ചെരുപ്പില്‍ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാന്‍ പറയുന്നതു പച്ചക്കള്ളമാണ്. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാക്കിസ്ഥാനില്‍വച്ച് ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കുല്‍ഭൂഷണിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ മുന്‍ധാരണകള്‍ ലംഘിക്കുകയായിരുന്നു. ജാദവിന്റെ വിചാരണ പോലും സുതാര്യമായല്ല നടത്തിയത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്നും സുഷമ പറഞ്ഞു.

താലിമാലയും ആഭരണങ്ങളും അഴിച്ചു മാറ്റിയ പാകിസ്ഥാന്‍ ഇരുവരേയും വിധവകളെ പോലെയാണ് പരിഗണിച്ചത്. മന:പൂര്‍വം പാകിസ്ഥാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുയായിരുന്നു. ജാദവിന്റെ അമ്മയോടും ഭാര്യയോടും പാകിസ്ഥാന്‍ കാണിച്ചത് മാപ്പര്‍ഹിക്കാത്തതും കടുത്ത ഭാഷയില്‍ അപലപിക്കേണ്ടതുമായ നടപടിയാണ് സുഷമ പറഞ്ഞു.

ജാദവിന്റെ അമ്മ അവന്തിയുമായി താന്‍ സംസാരിച്ചുവെന്ന് പറഞ്ഞ സുഷമ, അവര്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നുവെന്നും വെളിപ്പെടുത്തി. വിവാഹബന്ധത്തിന്റെ അടയാളമായ താലിമാല അഴിച്ചു മാറ്റാന്‍ പാകിസ്ഥാന് എങ്ങനെയാണ് കഴിഞ്ഞതെന്ന് അവന്തിക എന്നോട് ചോദിച്ചു.

മംഗല്യസൂത്രത്തിന്റെ പ്രാധാന്യം എന്താണെന്ന് ഒരു ഭീകര രാഷ്ട്രത്തിന് മനസിലാകില്ല. കാരണം അവര്‍ ഭീകരര്‍ മാത്രമാണെന്നും അവന്തിക പറഞ്ഞതായി സുഷമ അറിയിച്ചു. അമ്മയെ കണ്ടപ്പോള്‍ ജാദവ് ചോദിച്ചത് ബാബ സുഖമായി ഇരിക്കുന്നുവോ എന്നാണ്. അമ്മയുടെ കഴുത്തില്‍ താലിമാല ഇല്ലാതിരുന്നതാണ് കുല്‍ഭൂഷണിനെ കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്. പിതാവിന് എന്തോ അപകടം പിണഞ്ഞെന്നാണ് ജാദവ് കരുതിയെന്നും സുഷമ പറഞ്ഞു.