നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

single-img
28 December 2017

ബിനാമി ബിസിനസിനെതിരെ സൗദി നിലപാട് കടുപ്പിക്കുന്നു. ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് ജനുവരി മുതല്‍ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ബിനാമി ബിസിനസ്സ് നടത്തുന്ന വിദേശികള്‍ക്കും ഇതിനു കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

വിദേശിയാണെങ്കില്‍ ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തും. ഒപ്പം സ്ഥാപനം അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദുചെയ്യുകയും ചെയ്യും. ഇതേ വ്യാപാര മേഘലയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വദേശിക്കു വിലക്കും ഏര്‍പ്പെടുത്തും. കൂടാതെ നിയമ ലംഘകരുടെ പേരുവിവരങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

ഇതിനിടെ രാജ്യത്ത് ബിനാമി ബിസിനസ് നടത്തുകയായിരുന്ന 18 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലുള്ള വനിതാ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തിയത്. റിയാദിലെ ലേഡീസ് ഷോപ്പുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയ 18 സ്ഥാപനങ്ങള്‍ അടപ്പിച്ചത്.