‘പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി’: ജയ്റ്റ്‌ലിയെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി

single-img
28 December 2017

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മന്‍മോഹന്‍ സിങ്ങിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നരേന്ദ്രമോദി പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് കഴിഞ്ഞ ദിവസം അരുണ്‍ജെയ്റ്റ്‌ലി രാജ്യസഭയില്‍ വിശദീകരണം നല്‍കിയിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനോ ചെയ്യാന്‍ ശ്രമിക്കാനോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ വിശദീകരണം. ഇതിനെ പരിഹസിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുലിന്റെ ട്വീറ്റ്.

‘പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ്‌ലൈ (Jait’lie’)- നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.’ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്. ബിജെപി കള്ളം പറയുന്നു എന്ന ഹാഷ് ടാഗും ട്വീറ്റിലുണ്ട്.

മാത്രമല്ല, കോണ്‍ഗ്രസ്സിനെതിരെ പാകിസ്താന്‍ ബന്ധം ആരോപിക്കുന്ന മോദിയുടെ പ്രസംഗത്തിന്റെയും ജെയ്റ്റ്‌ലിയുടെ രാജ്യസഭയിലെ വിശദീകരണപ്രസംഗത്തിന്റെയും വീഡിയോകളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്റ്റ്‌ലിയുടെ വിശദീകരണം തൃപ്തികരമാണെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറുന്നതായും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ അവസാനിച്ചു എന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ ജയ്റ്റിലുടെ വിശദീകരണത്തിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തന്നെ രംഗത്ത് വന്നത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കടക്കുന്ന സൂചനയാണ് നല്‍കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ പ്രധാനമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മന്‍മോഹന്‍ സിംഗ് വിശദീകരിച്ചിരുന്നു.