പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് ചുട്ടെരിച്ച മകന്‍ അറസ്റ്റില്‍: കൊലപാതകത്തില്‍ കലാശിച്ചത് വാക് തര്‍ക്കം

single-img
28 December 2017

തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്‌നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. എഞ്ചിനിയറിംഗ് ബിരുദദാരിയാണ് അക്ഷയ്.

ചൊവ്വാഴ്ച്ചയാണ് ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അക്ഷയ് രണ്ടുദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നു. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തികകാര്യങ്ങളിലെ സ്വരച്ചേര്‍ച്ചയുമാണ് കൊലപാതകത്തിന് കാരണമായതെന്നും അക്ഷയ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. വാക് തര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ക്രിസ്മസ് ദിവസം ദീപയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താന്‍ സിനിമകാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നുവെന്നും തിരികെവന്നപ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് അക്ഷയ് ആദ്യം പറഞ്ഞത്.

അമ്മയെ കൊന്നശേഷം നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ചും അക്ഷയ് സമയം ചെലവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് നഗരത്തിലെ ഒരു തീയറ്ററില്‍ നിന്ന് സിനിമ കണ്ടതായും വിവരം ലഭിച്ചു.

രാത്രി വീട്ടിലെത്തി ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു. സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. പിറ്റേദിവസവും വീണ്ടും ബന്ധുക്കളില്‍ പലരേയും വിളിച്ച് അമ്മ അവിടെചെന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു.

ഇതിനുശേഷം ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു.

തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അക്ഷയിന്റെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തായത്. അക്ഷയിന്റെ കുറ്റസമ്മതത്തോടെ അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റിയ പൊലീസ് ഇന്ന് ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകനും മകളും മരുമകനും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ദീപ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം.