തിരുവനന്തപുരത്ത് അമ്മയെ ചുട്ടെരിച്ച അക്ഷയ് കോളേജിലെ ചാത്തന്‍ കൂട്ടായ്മയുടെ തലവന്‍; കൊലപാതകം നടത്തിയത് സിനിമാ സ്റ്റൈലില്‍; അമ്മ ഒളിച്ചോടിയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു

single-img
28 December 2017

പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അമ്മയുടെ കയ്യും പിടിച്ചാണ് അക്ഷയ് ഇവിടെ താമസത്തിന് എത്തിയത് എന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.

വളരെ സ്‌നേഹത്തോടെയാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എഞ്ചിനീയറിങ് പഠനകാലത്ത് അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത് എന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും ആയിട്ടില്ല.

ചെറുപ്പം മുതല്‍ ആക്ടീവായിരുന്ന അക്ഷയ് കഴിഞ്ഞ കുറേകാലമായി എല്ലാവരില്‍ നിന്നും അകന്നിരുന്നു. സൗഹൃദം മുഴുവന്‍ എഞ്ചിനീയറിങ് കോളജ് കേന്ദ്രീകരിച്ചായിരുന്നു. അമ്മ മാത്രമുള്ള വീട്ടില്‍ പലപ്പോഴും അക്ഷയ് ഏറെ വൈകിയാണ് എത്തിയിരുന്നത്.

പഠനകാലത്ത് ആവശ്യപ്പെട്ടതെല്ലാം വാങ്ങി നല്‍കിയിട്ടും അഞ്ചോളം വിഷയങ്ങള്‍ക്ക് തോറ്റത് അമ്മയുമായി തെറ്റാന്‍ ഇടയാക്കി. ഇതോടെ അക്ഷയ് അമ്മയുമായി മിണ്ടാതായി. മാസങ്ങളായി അമ്മയുമായി മിണ്ടാതിരുന്ന അക്ഷയ് പിതാവ് അയച്ചു കൊടുക്കുന്ന പണം ഉപയോഗിച്ച് പുറത്ത് നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

അക്ഷയുടെ സൗഹൃദകൂട്ടായ്മകള്‍ മുഴുവന്‍ കോളേജില്‍ ആയിരുന്നു. കോളേജിലെ ചാത്തന്‍ കൂട്ടായ്മയുടെ തലവനായിരുന്നു അക്ഷയ്. വീട്ടില്‍ കാണാനെത്തുന്ന സഹപാഠികള്‍ക്കൊപ്പം ബൈക്കില്‍ കറക്കവും ചുറ്റി നടക്കലുമായിരുന്നു പ്രധാന വിനോദം.
തിരുവനന്തപുരം സെന്റ്‌തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു.

സംഭവദിവസം ട്യൂഷന്‍ഫീസ് ചോദിച്ചപ്പോള്‍ തോന്നിയപോലെ നടക്കാന്‍ പണമില്ലെന്ന് ദീപ പറഞ്ഞതാണ് മകനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും. ആക്ഷന്‍ ഹീറോ ബിജു മോഡലില്‍ അമ്മയെ തലയ്ക്ക് അടിച്ച വീഴ്ത്തുകയായിരുന്നു.

നിലത്തു വീണ അമ്മയെ ബെഡ്ഷീറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയത്തും മയക്കു മരുന്നിന്റെ പിടിയില്‍ ആയതിനാല്‍ ഒറ്റക്ക് കൃത്യം നിര്‍വഹിക്കാനുള്ള കരുത്ത് കിട്ടി. തല ഒന്നാകെ മൂടിക്കെട്ടിയതിനാല്‍ ദീപയുടെ നിലവിളി പുറത്തുകേട്ടില്ല.

ഇവരുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നാല് വീടുകളുണ്ട്. കൊലചെയ്ത ശേഷം വീടിന് അടുത്തുള്ള ചെറിയ കുഴിയില്‍ മൂടാനായിരുന്നു ഉദ്ദേശം. എന്നാല്‍ ചെറിയ കുഴിയായതിനാല്‍ അക്കാര്യം പ്രയാസമായതോടെയാണ് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത്. അടുത്തുള്ള വീട്ടുകാരുമായി അധികം അടുപ്പം ദീപയ്ക്ക് ഉണ്ടായിരുന്നില്ല.

മാത്രമല്ല രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ഇംഗ്ലീഷ് ക്രൈം തില്ലറുകള്‍ കണ്ടു നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നാണ് കരുതിയിരുന്നത്. അമ്മയുടെ അവിഹത കഥ ചര്‍ച്ചയാക്കി കാര്യങ്ങര്‍ ഒളിച്ചോട്ടത്തില്‍ എത്തിക്കാനായിരുന്നു നീക്കം.

അമ്മയെ കൊന്നശേഷം നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിച്ചും അക്ഷയ് സമയം ചെലവിട്ടു. പിന്നീട് നഗരത്തിലെ ഒരു തീയറ്ററില്‍ നിന്ന് സിനിമ കണ്ടു.

രാത്രി വീട്ടിലെത്തി ഡൈനിംഗ് ഹാളില്‍ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു. സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. പിറ്റേദിവസവും വീണ്ടും ബന്ധുക്കളില്‍ പലരേയും വിളിച്ച് അമ്മ അവിടെചെന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു.

ഇതിനുശേഷം ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഹരികൃഷ്ണനെത്തിയപ്പോള്‍ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണന്‍ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു.

തുടര്‍ന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അക്ഷയിന്റെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തായത്. അക്ഷയിന്റെ കുറ്റസമ്മതത്തോടെ അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റിയ പൊലീസ് ഇന്ന് ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകനും മകളും മരുമകനും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ദീപ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം.