മുസ്ലീം വിരുദ്ധത: എം ടി വാസുദേവൻ നായർ പ്രതികരിക്കുന്നു

single-img
28 December 2017

എം ടി വാസുദേവൻ നായർപ്രശസ്ത നോവലിസ്റ്റ് എം ടി വാസുദേവൻ നായർ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റിൽ താൻ ഒപ്പിടണമെന്നു പറഞ്ഞപ്പോൾ നിഷേധിക്കുക മാത്രമാണു താൻ ചെയ്തതെന്ന് അദ്ദേഹം ഇ വാർത്തയോട് പറഞ്ഞു.

ഇ കെ സമസ്ത വിഭാഗം നടത്തുന്ന ദാറുൽ ഹുദ സർവ്വകലാശാലയുടെ തൃശൂർ ചാമക്കാല നഹ്ജുർ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു പരിപാടിക്ക് ക്ഷണിക്കുവാൻ ചെന്നപ്പോൾ എം ടി വാസുദേവൻ നായർ അവരോട് മുസ്ലീം വിരുദ്ധമായ പരാമർശം നടത്തി എന്നാരോപിച്ചുകൊണ്ട് പ്രസ്തുത കോളജിലെ ഒരു വിദ്യാർത്ഥി ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റാണു വിവാദമായിരിക്കുന്നത്. അക്ഷരമാല ’17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ദ്വിദിന ശിൽപ്പശാലയുടെ മുഖ്യ കാര്യദർശിയായി എം ടിയെ ആണു തങ്ങൾ തെരെഞ്ഞെടുത്തതെന്നും എന്നാൽ വീട്ടിൽ ചെന്നുകണ്ടപ്പോൾ പലകാരണങ്ങളും പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ കാര്യദർശിയെന്ന നിലയിൽ ശിൽപ്പശാലയുടെ പങ്കാളിത്ത സർട്ടിഫിക്കറ്റിൽ ഒപ്പിട്ടുതരുമോയെന്നു ചോദിച്ച വിദ്യാർത്ഥികളോട് “ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായി വന്നാൽ ഞാൻ എന്തുചെയ്യും? ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തത് ” എന്ന് എം ടി പറഞ്ഞതായും സലിം മണ്ണാർക്കാട് എന്ന വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

എന്നാൽ സാഹചര്യത്തിൽ  നിന്നടർത്തിയെടുത്ത അർദ്ധസത്യമാണു ഇതെന്നാണു എം ടി വാസുദേവൻ നായർ പ്രതികരിച്ചത്. തന്നെ കാര്യദർശിയായി തീരുമാനിച്ചതിനു തന്റെ സമ്മതമുണ്ടായിരുന്നില്ലെന്നും അദ്ദേഹം  ഇ വാർത്തയോട് പറഞ്ഞു.

“എനിക്കു യാതൊരു ബന്ധവുമില്ലാത്ത ഒരു ക്യാമ്പിൽ പങ്കെടുത്തയാളുകൾക്ക് കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ ഞാൻ ഒപ്പിടണമെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ വന്നു ആവശ്യപ്പെട്ടു. പറ്റില്ലെന്നു ഞാൻ പറഞ്ഞു. എനിക്ക് എങ്ങനെയാണു അത്തരത്തിൽ ഒപ്പിട്ടുകൊടുക്കാൻ സാധിക്കുക?” എം ടി ചോദിക്കുന്നു.

അവർ പിന്നീട് കൂടുതൽ നിർബ്ബന്ധിച്ചപ്പോഴാണു ഇങ്ങനെ ഒരു ക്യാമ്പിൽ പങ്കെടുക്കുന്ന ആരെങ്കിലും നാളെ എന്തെങ്കിലും തീവ്രവാദ പ്രവർത്തനം നടത്തിയാൽ ഒപ്പിട്ട തന്നെയും അതു ബാധിക്കില്ലേ എന്നു താൻ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആരോപിക്കപ്പെടുന്നതുപോലെ ഒരു മുസ്ലീം വിരുദ്ധ പരാമർശമായല്ല താൻ അതു പറഞ്ഞത്. ആരോ നടത്തുന്ന ഒരു ക്യാമ്പിലെ സർട്ടിഫിക്കറ്റിൽ താൻ കണ്ണുമടച്ച് ഒപ്പിട്ടൽ ഉണ്ടാകാവുന്ന ഒരു ഭവിഷ്യത്ത് എന്ന നിലയിൽ ചൂണ്ടിക്കാട്ടിയതാണു ഇക്കാര്യം എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം എം ടി മുസ്ലീം വിരുദ്ധനാണെന്ന തരത്തിൽ ഒരു വിഭാഗം ആളുകൾ ചർച്ചകൾ ഉയർത്തിയിരുന്നു. എം ടിയെപ്പോലെ സംഘപരിവാർ വിരുദ്ധ നിലപാടുകൾ എടുക്കുന്ന, മതേതരനായ ഒരാളെ മ്സുലീം വിരുദ്ധ ചാപ്പയടിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടിയും നിരവധിപേർ രംഗത്തെത്തിയിരുന്നു.

പ്രമുഖ എഴുത്തുകാരനും ചന്ദ്രിക മാസികയുടെ മുൻ പത്രാധിപരുമായ ശിഹാബുദ്ദിൻ പൊയ്ത്തും കടവും ഇത്തരത്തിൽ ഒരു നിലപാടെടുത്തിരുന്നു. ശ്രീനാരായണ ഗുരു,ഉറൂബ്, ബഷീർ, പൊൻകുന്നം വർക്കി ,എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ടി.പത്മനാഭൻ ,എം.എൻ.വിജയൻ മാഷ് ,തുടങ്ങിയവരൊക്കെ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നതെന്നും മൈക്ക് കെട്ടി തൊള്ളയിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്ന തലയിൽ കെട്ടുവേഷക്കാരല്ല അതുണ്ടാക്കിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽക്കുറിച്ചു.

https://www.facebook.com/shihabuddinpoithumkadavu.poithumkadavu/posts/994967587346531

ഇത്തരത്തിൽ മുസ്ലീം വേഷക്കാരോടോ സമുദായത്തോടോ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം വെച്ചുപുലർത്തുന്നയാളല്ല എം ടിയെന്നു സ്വന്തം അനുഭവത്തിൽ നിന്നും പലരും സാക്ഷ്യപ്പെടുത്തുകയുണ്ടായി. വെള്ളവസ്ത്രവും തലപ്പാവും ധരിച്ച പരമ്പരാഗത മുസ്ലീം വേഷത്തിൽ എം ടിയെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചു എം ലുക്മാൻ എന്ന കാന്തപുരം സുന്നി വിഭാഗക്കാരനാ‍യ വിദ്യാർത്ഥിയാണു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മൂന്ന് വർഷം മുമ്പ് മർകസ് സോവനീറിനു വേണ്ടി അഭിമുഖം നടത്താൻ എം. ടി വാസുദേവൻ നായരുടെ അടുത്തു പോയിരുന്നു. ഞാനും…

Posted by M Luqman on Wednesday, December 27, 2017

സമൂഹമാധ്യമങ്ങളിൽ പുതിയ വിവാദത്തിനാണു സംഭവം തിരികൊളുത്തിയിരിക്കുന്നത്.