കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു: തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ • ഇ വാർത്ത | evartha
Breaking News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു: തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

അതിനിടെ തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട്ട് സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ ഇരുപതോളം ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.

തലയിലും കൈകാലുകള്‍ക്കും വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം ശ്രീകാര്യം ഇടവക്കോട് ലീലാ ഭവനില്‍ എല്‍.എസ് സാജുവിന്റെ (47) നില ഗുരുതരമായി തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സാജു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9.30ന് ആണ് ആക്രമണമുണ്ടായത്. വീടിനടുത്തുള്ള ഇടവക്കോട്ട് ജംഗ്ഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം മടങ്ങുകയായിരുന്നു സാജു. കടയ്ക്ക് മുന്നില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.