കത്തോലിക്കാ സഭയുടെ വിമർശകനും മുൻ കെ പി സി സി അംഗവുമായിരുന്ന ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു

single-img
28 December 2017

ജോസഫ് പുലിക്കുന്നേൽകത്തോലിക്കാ സഭയുടെ പൌരോഹിത്യ കേന്ദ്രീകൃതമായ നിലപാടുകളെ നിരന്തരം വിമർശനത്തിനു വിധേയമാക്കിയിരുന്ന ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഭരണങ്ങാനത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു.

എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേല്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍, കെപിസിസി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ജോസഫ് പുലിക്കുന്നേല്‍.

1960ൽ കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടിവിലുണ്ടായിരുന്ന ജോസഫ് പുലിക്കുന്നേൽ 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965ൽ കല്പറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കത്തോലിക്ക സഭയുടെ ബഹിഷ്‌കരണത്തിന് ചുക്കാന്‍ പിടിക്കുന്നതിന് നേതൃത്വം നല്‍കിയതോടെയാണ് ജോസഫ് പുലിക്കുന്നേല്‍ ശ്രദ്ധേയനാകുന്നത്. കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നുജോസഫ് പുലിക്കുന്നേല്‍. 1932ല്‍ ഭരണങ്ങാനത്തായിരുന്നു ജനനം. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1975ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓശാന മാസിക കത്തോലിക്ക സഭാവിമര്‍ശനത്തിലൂന്നിയാണു പ്രവര്‍ത്തിച്ചിരുന്നത്. പാലായിലെ ഒരു വാടകമുറിയിൽ പൊൻകുന്നം വർക്കി അദ്ധ്യക്ഷനായ യോഗത്തിൽ പ്രൊഫ. ജോസഫ് മുണ്ടശേരിയാണ് ഓശാന ആദ്യമായി പുറത്തിറക്കിയത്.

പാശ്ചാത്യ സംസ്‌കാരം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെയാണ് അദ്ദേഹം നിലകൊണ്ടിരുന്നത്. മലയാളത്തില്‍ ഒരു എക്യുമെനിക്കല്‍ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കൈയെടുത്തിട്ടുണ്ട്.

കത്തോലിക്കസഭ തിരസ്കരിച്ച വിവാഹങ്ങളുടേയും ശവസംസ്‌കാരങ്ങളുടെയും കാര്‍മ്മീകത്വം വഹിച്ചതിലൂടെ ശ്രദ്ധേയനാ‍യ വ്യക്തിയാണു ജോസഫ് പുലിക്കുന്നേൽ. 2008ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ അവർക്ക് ഇടമറ്റത്തെ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കാനും അദ്ദേഹം തുനിഞ്ഞു. ആ മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ എഴുതിയ പുലിക്കുന്നേൽ,​ തന്റെ ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തിരുന്നു.

പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ (ആത്മകഥ), കേരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍, ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.

കാവാലം മുണ്ടകപ്പള്ളിയിൽ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കൾ: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ.

മരുമക്കൾ: ജോർജ് വാഴേപ്പറമ്പിൽ (ചങ്ങനാശേരി), മഠത്തിൽപറമ്പിൽ അശോക് എം. ചെറിയാൻ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേൽ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം).