പ്രതിപക്ഷ പ്രതിഷേധം ഏറ്റു: കേന്ദ്രമന്ത്രി ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പു പറഞ്ഞു

single-img
28 December 2017

ന്യൂഡല്‍ഹി: ഭരണഘടനയെക്കുറിച്ചുള്ള വിവാദപ്രസ്താവനയില്‍ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പു പറഞ്ഞു. ഭരണഘടനയാണ് പരമോന്നതമെന്നും അതിനെ ബഹുമാനിക്കുന്നെന്നും ഹെഗ്‌ഡെ പറഞ്ഞു. ഖേദപ്രകടനത്തെത്തുടര്‍ന്ന് വിഷയത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു.

‘എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഭരണഘടനയില്‍ ഞാന്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണ്’–ഹെഗ്‌ഡെ ലോക്‌സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തോടു വിയോജിക്കുന്നതായി പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെയും വിവാദ പ്രസ്താവനയുമായി രംഗത്തുവന്നത്. തങ്ങള്‍ സമീപഭാവിയില്‍ ഭരണഘടന തിരുത്തുമെന്നും മതനിരപേക്ഷവാദികള്‍ സ്വന്തം മാതാപിതാക്കളാരെന്ന് അറിയാത്തവരാണെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം.

ഇതു പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിക്കാന്‍ കാരണമായി. കര്‍ണാടകയിലെ കൊപ്പാളിലെ ചടങ്ങിലാണു ഹെഗ്‌ഡെ വിവാദപ്രസംഗം നടത്തിയത്.