പ്രണയബന്ധം എതിര്‍ത്തു: 45 കാരിയായ വളര്‍ത്തമ്മയെ 12കാരിയും സുഹൃത്തായ 15കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

single-img
28 December 2017

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് 12 കാരി, വളര്‍ത്തമ്മയെ കൊലപ്പെടുത്തി. 15 കാരനായ കാമുകനെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഫതേവ്പൂരില്‍ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്.

അമ്മയ്ക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞ് പെണ്‍കുട്ടി അയല്‍വീട്ടുകാരെ സമീപിച്ചതോടെയാണ് മരണവിവരം തന്നെ പുറംലോകം അറിയുന്നത്. ദിവസങ്ങളായി അമ്മ അസുഖബാധിതയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്തത് സ്ഥിതി വഷളാക്കിയെന്നും പെണ്‍കുട്ടി അവരെ ധരിപ്പിച്ചു.

കുട്ടിയുടെ വാക്കുകള്‍ വിശ്വസിച്ച അയല്‍വാസികള്‍ മുംബൈയിലുള്ള വളര്‍ത്തച്ഛനെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌കാരസമയത്ത് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു.

സ്‌കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു.