താമരശ്ശേരി ചുരത്തില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

single-img
28 December 2017

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു താമരശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്കാലികമായി തടഞ്ഞു. ചുരത്തിലെ വളവുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ തുടങ്ങിയവയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാരംകൂടിയ ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരത്തെതന്നെ പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. അടിവാരത്ത് താത്കാലിക ചെക്ക് പോസ്റ്റ് തുറന്ന് 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം മുതല്‍ വഴിതിരിച്ചു വിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു വഴികളിലൂടെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കണമെന്നാണ് പോലീസ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതോടെ ബസുകള്‍ അടക്കമുള്ളവയ്ക്ക് കുറ്റ്യാടി ചുരം വഴി പോകേണ്ടിവരും.

പോലീസിന്റെ വിലക്ക് ലംഘിച്ച് ചുരത്തിലൂടെ സഞ്ചരിച്ച പതിനാല് ഭാരംകൂടിയ ലോറികള്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം വന്‍തുക പിഴ ചുമത്തിയിരുന്നു. രണ്ടായിരം രൂപവീതമാണ് പിഴ ഈടാക്കിയത്. പന്ത്രണ്ട് ചക്രങ്ങളുള്ള വലിയ ലോറികളാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചുരത്തിലൂടെ കഴിഞ്ഞ ദിവസം സഞ്ചരിച്ചത്.

ചൊവ്വാഴച കലക്ടര്‍ യു.വി.ജോസ് താമരശ്ശേരി താലൂക്ക് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗ തീരുമാന പ്രകാരം വാഹന പരിശോധനയ്ക്കായി അടിവാരത്ത് താല്‍ക്കാലിക ചെക്കു പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ അത്ര പുരോഗതിയില്ല.

പത്തു ദിവസം കൊണ്ട് റോഡിലെ കുഴി അടയ്ക്കാനാണ് ഉദ്യോഗതല യോഗത്തിലെ തീരുമാനം. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതോടൊപ്പം വളവുകള്‍ വീതി കൂട്ടി ഇന്റര്‍ ലോക്ക് ടൈല്‍സ് പാകുന്നതിനുള്ള നടപടിയും ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ഇതിനായി വനം വകുപ്പില്‍ നിന്നും വിട്ടു കിട്ടേണ്ട സ്ഥലത്തിന് ദേശീയ പാതവകുപ്പ് ഭൂമിയുടെ വിലയായി 9.29ലക്ഷവും വൃക്ഷങ്ങളുടെയും മറ്റും നഷ്ടമായി 22.45 ലക്ഷവും അടച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും പണം അടച്ചതിലുണ്ടായ സാങ്കേതിക പിഴവ് പരിഹരിക്കാതെ നടപടി നീണ്ടു പോകുകയാണ്.