ബേൻസീർ ഭൂട്ടോയെ വധിച്ചതിനു പിന്നിൽ ബിൻ ലാദൻ? തെളിവായി കത്ത് പുറത്ത്

single-img
28 December 2017

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ അല്‍ ക്വയ്ദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന്റെ പങ്ക് തെളിയിക്കുന്ന കത്ത് പുറത്ത്. ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് 10 വര്‍ഷം തികയുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകളുമായി കത്ത് പുറത്തുവരുന്നത്.

ദി ന്യൂസ് ഇന്റര്‍നാഷനല്‍’ ആണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. 2007 ഡിസംബര്‍ 19ന് തന്നെ ഐഎസ്‌ഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദി ന്യൂസ് ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തുന്നത്. ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന മൂന്ന് കത്തുകള്‍ വിവിധ ഏജന്‍സികള്‍ സര്‍ക്കാരിന് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ‘ പ്രസിഡന്റ് മുഷറഫ്, ബേനസീർ ഭൂട്ടോ, ഫസൽ ഉര്‍ റഹ്മാൻ മര്‍ഡർ പ്ലാൻ’ എന്ന പേരിൽ സർക്കാരിനെഴുതിയ കത്തിൽ ലഫ്. കേണൽ സായ്ഗാം ഇസ്‌ലാം ബട്ടും ഒപ്പുവെച്ചിട്ടുണ്ട്.

2007 ഡിസംബര്‍ 27നാണ് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ വച്ച് ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. അതിശക്തമായ ബോംബ് സ്‌ഫോടനവും ബേനസീര്‍ പങ്കെടുത്ത റാലിയ്ക്ക് നേരെ ഉണ്ടായിരുന്നു.

ലാദന്റെ വസതിയിൽനിന്നു ലഭിച്ച കത്തിൽ നിന്നാണ് വധശ്രമം സംബന്ധിച്ച വിവരങ്ങൾ പാക്ക് സൈന്യത്തിനും ഐഎസ്ഐയ്ക്കും ലഭിച്ചത്.  ജാമിയാ ഹഫ്‌സയിലെയും ലാല്‍ മസ്ജിദിലെയും സഹോദരീസഹോദരന്മാര്‍ക്കായി നമ്മള്‍ പ്രതികാരം ചെയ്തിരിക്കുന്നു എന്നായിരുന്നു കത്തിലെ വാചകമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.  ഇക്കാര്യങ്ങൾ അന്നുതന്നെ പാക്ക് ഭരണകൂടത്തെ അറിയിച്ചിരുന്നു.

ബേനസീര്‍ ഭൂട്ടോയ്ക്ക് പുറമേ അന്ന് പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫ്, ഫസ്ലുര്‍ റഹ്മാന്‍ എന്നിവരെയും വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ബിന്‍ ലാദന്‍ നേരിട്ടയച്ച കൊറിയറിലാണ് സ്‌ഫോടകവസ്തുക്കള്‍ എത്തുകയെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഡിസംബര്‍ 22ന് സ്‌ഫോടനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും പൂര്‍ണമായും ബിന്‍ ലാദന്റെ ചുമതലയായിരുന്നെന്നും ഇതിനായാണ് അഫ്ഗാനിസ്ഥാനിലേക്ക് താമസം മാറ്റിയതെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.