ഇനിമുതൽ ഫെയ്സ്ബുക്ക് അക്കൌണ്ട് തുടങ്ങാൻ ആധാർ കാർഡ് വേണ്ടിവന്നേക്കും

single-img
27 December 2017

ഇനിമുതൽ  ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാനും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായി വരും. അതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കുന്നത് തടയുന്നതിനായി ഫെയ്സ്ബുക്ക് അവതരിപ്പിച്ച ഒരു പുതിയ ഫീച്ചറിലാണു ആധാറിലെ പേരു തന്നെ അക്കൌണ്ടിലും നൽകണമെന്ന് നിഷ്കർഷിക്കുന്നത്.

നിലവില്‍ ഫെയ്സ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫെയ്‌സ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ്ബുക്ക് പുതിയ പദ്ധതി ആരംഭിക്കുന്നത്.

മൊബൈല്‍ വഴി പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് ആധാറില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കാണുക. പുതിയ അക്കൗണ്ടിന് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ആധാറിലുള്ളത് പോലെ പേര് നല്‍കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്.

‘ആധാര്‍ കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായമാവും’ എന്ന സന്ദേശമാണ് ഫെയ്‌സ്ബുക്ക് പേജിലുണ്ടാവുക.

എന്നാല്‍ ആധാര്‍ നമ്പര്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും ആധാര്‍ കാര്‍ഡ് വിവരങ്ങളില്‍ അധിഷ്ഠിതമായ വേരിഫിക്കേഷന്‍ നടപടികള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആധാർ കാർഡ് ഒരു നിർബ്ബന്ധിത ഐഡന്റിറ്റി പ്രൂഫ് ആയി അവതരിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയുടേതടക്കമുള്ള വിധികൾ നിലനിൽക്കെയാണു സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ ആധാറിനു സാധുത നൽകാൻ ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് ആധാറിലേയ്ക്ക് തിരിയുന്നതിനു മുന്നേതന്നെ ആമസോൺ അടക്കമുള്ള ഇന്റർനെറ്റ് ഭീമന്മാർ ആധാർ ഐ ഡി പ്രൂഫ് ആയി ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു.