കെ മുരളീധരനെതിരെ ഐ ഗ്രൂപ്പില്‍ പടയൊരുക്കം: കരുണാകരനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത് മുരളീധരനെന്ന് ജോസഫ് വാഴക്കന്‍

single-img
27 December 2017

രമേശ് ചെന്നിത്തലയെ അടക്കം പരോക്ഷമായി വിമര്‍ശിച്ച കെ.മുരളീധരനെതിരെ ഐ ഗ്രൂപ്പിന്റെ പടയൊരുക്കം. വിവാദത്തില്‍ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തി. കെ.മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാണിക്കണമെന്ന് പറഞ്ഞ വാഴയ്ക്കന്‍, താന്‍പ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കന്‍ തുറന്നടിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന.

ഇതിനു പിന്നാലെയാണ് ഹസന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് കെ.മുരളീധരന്‍ പറഞ്ഞത്. കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കില്‍ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും കരുണാകരനെ ദ്രോഹിച്ചതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും ആരോപിച്ച മുരളി ഒരേ ഇലയില്‍ നിന്ന് കഴിച്ചവര്‍ക്കു പോലും പങ്കുണ്ടെന്നും പറഞ്ഞിരുന്നു.

പഴയ ചരിത്രം ചികയാന്‍ നിന്നാല്‍ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്തെത്തിത് കഴിഞ്ഞാഴ്ചയാണ്.

കേസിന്റെ പേരില്‍ കെ.കരുണാകരന്റെ മുഖ്യമന്ത്രി പദം തെറിപ്പിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമങ്ങളെ എ.കെ.ആന്റണി തടഞ്ഞിരുന്നതായി ഹസന്‍ വെളിപ്പെടുത്തിയിരുന്നു. കരുണാകരനെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു.