തിരുവനന്തപുരത്തു നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തും: ശതാബ്ദി എക്‌സ്പ്രസ് ജനുവരിയില്‍ ഓടിത്തുടങ്ങും

single-img
27 December 2017

ന്യൂഡല്‍ഹി: കേരളത്തിന് ശതാബ്ദി എക്‌സ്പ്രസ് തീവണ്ടി അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം.

കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. കോട്ടയം വഴിയാണ് സര്‍വീസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

വണ്ടി ഓടിത്തുടങ്ങുന്ന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. ജനുവരി ഒന്നാം വാരം സര്‍വീസ് തുടങ്ങിയേക്കും. പരീക്ഷണ ഓട്ടം കഴിഞ്ഞമാസം ഒടുവില്‍ നടന്നിരുന്നു. പുതിയ വണ്ടി ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുമോ അതല്ല, ഒന്നോ രണ്ടോ ദിവസത്തെ ഒഴിവുണ്ടാവുമോ എന്ന് വ്യക്തമല്ല.

കോയമ്പത്തൂരിനും ചെന്നൈയ്ക്കുമിടയിലുള്ള ശതാബ്ദി എക്‌സ്പ്രസ് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യവും ഇടപെടലും കേരളത്തിന് ശതാബ്ദി അനുവദിക്കുന്നതിനുപിന്നില്‍ ഉണ്ടായിരുന്നെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ ശതാബ്ദി എക്‌സ്?പ്രസ് ഉണ്ട്.