സൗദിയിലെ പ്രവാസികള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി: സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

single-img
27 December 2017

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. 2018 ഏപ്രില്‍ മുതല്‍ ഷോപ്പിംഗ് മാളുകളിലും കാര്‍ ഷോറൂമുകളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

ഇതിന് പുറമെ സ്‌പെയര്‍പാട്‌സ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നതിന് സ്വദേശികള്‍ക്ക് പരിശീലനം നല്‍കും.

സ്വയം തൊഴില്‍ പദ്ധതി പ്രകാരം സംരംഭം തുടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും വായ്പയും നല്‍കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് എംപ്ലോയ്‌മെന്റ് മീറ്റുകള്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സംഘടിപ്പിക്കും.

വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് ഗതാഗത സൗകര്യവും ശുശു പരിപാലനത്തിന് സാമ്പത്തിക സഹായവും വിതരണം ചെയ്യും.

സൗദിയിലെ തെക്ക്പടിഞ്ഞാറന്‍ പ്രവിശ്യയായ അബഹയുടെ പ്രത്യേകതകള്‍ വിലയിരുത്തി തെരഞ്ഞെടുത്ത മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതുസംബന്ധിച്ച പ്രവിശ്യാ ഗവര്‍ണറും തൊഴില്‍ മന്ത്രിയും നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതും അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്നും ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.