നടി പാര്‍വതിക്ക് ‘കട്ട പിന്തുണയുമായി’ ശശി തരൂര്‍ എംപി

single-img
27 December 2017

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ലോകത്ത് ആക്രമണം നേരിടുന്ന നടി പാര്‍വതിയെ പിന്തുണച്ച് ശശി തരൂര്‍ എംപി രംഗത്ത്. പാര്‍വതിക്ക് പിന്തുണയുമായി മലയാള സിനിമ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തു വരണമെന്നാണ് ശശി തരൂര്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ബലാല്‍സംഗ ഭീഷണിയോ കൊലപാതക ഭീഷണിയോ ഇല്ലാതെ സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാനുള്ള പാര്‍വ്വതിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മലയാള സിനിമാ മേഖലയിലെ മുതിര്‍ന്ന നടന്മാര്‍ പാര്‍വ്വതിക്കൊപ്പം നില്‍ക്കണമെന്നും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

അതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാര്‍വതിക്കെതിരെ പ്രിന്റോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിയില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പാര്‍വതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യയും അസഭ്യവര്‍ഷവും ഭീഷണിയും നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

മമ്മൂട്ടി ചിത്രമായ കസബയെ ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയത്. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇതിനെതിരെ മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. തീര്‍ത്തും അധിക്ഷേപകരമായ രീതിയിലേക്ക് ആക്രമണം കടന്നതോടെയാണ് പാര്‍വതി പരാതി നല്‍കിയത്.