പേരൂര്‍ക്കടയിലെ എല്‍.ഐ.സി ഏജന്റായ വീട്ടമ്മയുടെ മരണം കൊലപാതകം; മകന്‍ പോലീസ് കസ്റ്റഡിയില്‍; മൊഴികളില്‍ വൈരുദ്ധ്യം

single-img
27 December 2017

പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ദീപ അശോകിന്റെ മകനായ അക്ഷയിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.

മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എല്‍.ഐ.സി ഏജന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ബി 11 ദ്വാരകയില്‍ അശോകിന്റെ ഭാര്യയാണ്.

അശോക് മൂത്തമകളായ അനഘയ്ക്കും ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ അക്ഷയുമായിരുന്നു ഇവിടെ താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയിയെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് രാവിലെവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിയെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി. അമ്മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംശയ രോഗമാണോ ദീപയുടെ ജീവനെടുത്തതെന്ന സംശയം ബലപെടുത്തുന്നു.

സംഭവത്തില്‍ അക്ഷയ് നല്‍കുന്ന മൊഴിയില്‍ ഉടനീളം പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലായ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകളില്‍ നിന്ന് മനസിലാകുന്നത്.

അപായപ്പെടുത്തിയശേഷം അഗ്‌നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കില്‍ ശരീരത്ത് തീ ആളിപ്പടരുമ്പോള്‍ അവരുടെ വിളിയും ബഹളവും അയല്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്.

തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാല്‍ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതല്‍ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല.

സംഭവമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാല്‍ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേര്‍തിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്.

മൃതദേഹം കത്തിയ നിലയില്‍ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതില്‍ വ്യക്തത വരൂ. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ അക്ഷയിയെ ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ തെളിവുകളും മകനായ അക്ഷയ്‌ലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഫോറന്‍സിക്ക്, ഡിഎന്‍എ റിപ്പോര്‍ട്ടുകളും ചില ശാസ്ത്രീയ തെളിവുകളും ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപെടുത്താമെന്നാണ് പോലീസ് കരുതുന്നത്.