നടി പാര്‍വ്വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

single-img
27 December 2017

കൊച്ചി: നടി പാര്‍വ്വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സൈബര്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിന് നേതൃത്വം നല്‍കിയെന്ന കുറ്റമാണ് പ്രിന്റോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന വിധത്തില്‍ വ്യാപകമായി പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി കഴിഞ്ഞ ദിവസം ഡി.ജി.പിക്കും എറണാകുളം റേഞ്ച് ഐ.ജിക്കും പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരെ പ്രചാരണം നടത്തുന്നവരുടെ വിവരങ്ങള്‍ നടി തന്നെ പോലീസിന് കൈമാറിയിരുന്നു. കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നടത്തിയ വിമര്‍ശനമാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയത്.

ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്.

ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.