ഓഖിയില്‍ കടലില്‍ കാണാതായവര്‍ 261 എന്ന് കേന്ദ്രം; 143 പേരെന്ന് കേരളം

single-img
27 December 2017

ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ എണ്ണം സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നു പറഞ്ഞ മന്ത്രി തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെയാണ് കാണാതായെന്നും ലോക്‌സഭയെ അറിയിച്ചു.

ഈ മാസം ഇരുപത് വരെയുള്ള കണക്കാണ് മന്ത്രി, സഭയില്‍ വച്ചത്. ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 215 പേരെ രക്ഷപ്പെടുത്താനുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിരുന്നത്.

ഇതുവരെ രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണെന്നും മന്ത്രി അറിയിച്ചു. എഴുതി ചോദിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം, കേരളത്തില്‍നിന്നു കാണാതായത് 143 പേരെയാണെന്നും എണ്ണത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നോക്കേണ്ടെന്നും സംസ്ഥാന ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.