കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്ന് പാകിസ്താന്‍

single-img
27 December 2017

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്‍. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു.

വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയതായി പാകിസ്താന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി.

പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ചെരിപ്പ് ഒഴികെ ബാക്കിയെല്ലാം തിരികെ കൈപ്പറ്റിയതായി അവര്‍ രേഖാമൂലം സമ്മതിച്ചിട്ടുള്ളതായും വിദേശകാര്യ ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ അവര്‍ക്ക് പറയാമായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതില്‍ കുല്‍ഭൂഷന്റെ അമ്മ പാകിസ്താനോട് നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ഇനിയും ഈ വിഷയത്തില്‍ അര്‍ഥമില്ലാത്ത വാക്‌പോര് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ വക്താവ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്ഥാന്‍ അനുമതി നല്‍കിയത്.

പാകിസ്ഥാന്‍ ഇരുവരെയും അപമാനിച്ചെന്നും കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാകിസ്ഥാന്‍ ലംഘിച്ചുവെന്നുമാണ് ഇന്ത്യയുടെ ആരോപണം. സുരക്ഷയുടെ പേരില്‍ ജാദവിന്റെ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു.

നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റി. പിന്നീട് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്ഥാന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. ചെരുപ്പുകള്‍ ഊരി വാങ്ങിയെങ്കിലും തിരികെ നല്‍കിയില്ല. ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

എന്നാല്‍ പാകിസ്ഥാന്റെ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി നേടുകയും ചെയ്തു. ഭീകരവാദ പ്രവര്‍ത്തനത്തിന് ബലൂചിസ്ഥാനിലേക്ക് കടന്നുകയറിയ ജാദവിനെ സൈന്യം പിടികൂടുകയായിരുന്നെന്ന് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.

എന്നാല്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യയും അറിയിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ തടയുകയായിരുന്നു.